Kerala

സ്വകാര്യ റിസോര്‍ട്ടിലേക്ക് സര്‍ക്കാര്‍ ഭൂമിയിലൂടെ അനധികൃത റോഡ്; നിയമലംഘനം മൂന്നാര്‍ ദൗത്യസംഘം ഏറ്റെടുത്ത ഭൂമിയില്‍

സ്വകാര്യ റിസോര്‍ട്ടിലേക്ക് സര്‍ക്കാര്‍ ഭൂമിയിലൂടെ അനധികൃത റോഡ്; നിയമലംഘനം മൂന്നാര്‍ ദൗത്യസംഘം ഏറ്റെടുത്ത ഭൂമിയില്‍
X
IDK_chinnakkanal_resrt_road

സി എ സജീവന്‍

തൊടുപുഴ: സര്‍ക്കാര്‍ ഭൂമി കൈയേറ്റത്തിനും വ്യാജപട്ടയങ്ങള്‍ക്കും പേരുകേട്ട ചിന്നക്കനാല്‍ വില്ലേജില്‍ നിയമത്തെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥ-ഭൂമാഫിയ. സ്വകാര്യ റിസോര്‍ട്ടുടമയുടെ ഭൂമിയിലേക്ക് സര്‍ക്കാര്‍ ഭൂമിയിലൂടെ ഒന്നര കിലോമീറ്റര്‍ റോഡ് അനധികൃതമായി നിര്‍മിച്ചെടുത്താണ് ഭൂമാഫിയയുടെ നിയമലംഘനം. റവന്യൂ-പഞ്ചായത്ത് -സര്‍വെ ഉദ്യോഗസ്ഥരാണ് റിസോര്‍ട്ടു മാഫിയയ്ക്കായി ഒത്താശ ചെയ്യുന്നത്.
ക്ലൗഡ്-9 എന്ന പേരിലുള്ള റിസോര്‍ട്ട് പൊളിച്ചു നീക്കി മൂന്നാര്‍ ദൗത്യസംഘം ആദ്യം ഏറ്റെടുത്ത ഇടയ്ക്കാട്ടുകുടി ഗ്രൂപ്പിന്റെ ഭൂമിയിലൂടെയാണ് റോഡു നിര്‍മാണം. ആകാശ നാമത്തിലുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ഭൂമിയിലേക്കാണ് റോഡ് വെട്ടിക്കൊടുത്തത്. ഇവിടെ റിസോര്‍ട്ട് നിര്‍മാണം പ്രാരംഭ ഘട്ടത്തിലാണ്. വ്യാജപട്ടയമെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു ചിന്നക്കനാല്‍ ഗ്യാപ് ഭാഗത്താണ് സര്‍ക്കാര്‍ ഏറ്റെടുത്ത ക്ലൗഡ്-9 റിസോര്‍ട്ടിന്റെ എട്ടേക്കര്‍ ഭൂമി. ഇതിലൂടെയാണ് സമീപത്തെ റിസോര്‍ട്ട് ഉടമയെ സഹായിക്കുന്നതിനായി റോഡ് നിര്‍മിച്ചത്.
മുന്‍പ് ഏലപ്പട്ടയഭൂമിയിലെ അനധികൃത നിര്‍മാണത്തിന്റെ പേരിലാണ് ഇടയ്ക്കാട്ടുകുടിയുടെ റിസോര്‍ട്ട് ദൗത്യ സംഘം പൊളിച്ചുനീക്കിയത്. ഇതു സംബന്ധിച്ച കേസ് സുപ്രിംകോടതിയിലാണ്. വ്യാജപട്ടയം, ഭൂമികൈയേറ്റം എന്നിവ സംബന്ധിച്ചു വിജിലന്‍സ്, ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുകയാണ്. ഈ റിസോര്‍ട്ടിലേക്കുള്ള റോഡുള്‍പ്പെടെയുള്ള എട്ടേക്കറോളം ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. വില്ലേജ് ഓഫിസറുടെ റിസീവര്‍ഷിപ്പിലാണ് ഈ ഭൂമി. ഈ ഭൂമിയിലൂടെയും സര്‍ക്കാര്‍ പുല്ലുമേടിലൂടെയും വ്യാജ രേഖകളുടെയും മറ്റും പിന്‍ബലത്തില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ സഹായത്തോടെ റോഡ് നിര്‍മിക്കുകയായിരുന്നു. പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ക്ഷേത്രത്തിലേക്കുള്ള വഴിയെന്നു തെറ്റായി ഉള്‍പ്പെടുത്തിയാണ് ഇവിടേക്ക് റോഡുണ്ടാക്കിയത്. ഈ ഭാഗത്തെവിടേയും ഒരു ക്ഷേത്രവുമില്ലെന്നു സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണസമിതി, ഉടുമ്പഞ്ചോല തഹസില്‍ദാര്‍, താലൂക്ക് സര്‍വേയര്‍ കൂട്ടുകെട്ടിലാണ് സര്‍ക്കാര്‍ ഭൂമിയില്‍ വഴിവിട്ടു നിര്‍മാണ പ്രവര്‍ത്തനം സാധ്യമായത്. 11 കോടി രൂപയുടെ ഭൂമി ഇടപാടാണ് ഈ റോഡ് നിര്‍മാണത്തിനു പിന്നില്‍ നടന്നതെന്നു അറിയുന്നു. റോഡ് തുറന്നതോടെ ഇവിടെ പുതിയ റിസോര്‍ട്ട് നിര്‍മാണത്തിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. താല്‍ക്കാലികഷെഡും ഓഫിസുകളുമൊക്കെ തുറന്നിട്ടുണ്ട്.
റോഡു നിര്‍മാണത്തിനെതിരേ പരാതിയുമായി ഒരു കൂട്ടം നാട്ടുകാര്‍ രംഗത്തുവന്നിരുന്നു. ഇവര്‍ തഹസില്‍ദാര്‍ക്കും പഞ്ചായത്ത് പ്രസിഡന്റിനും പരാതി നല്‍കി. തുടര്‍ന്നു താല്‍ക്കാലികമായി റോഡ് പണി നിര്‍ത്തിവച്ചു. പിന്നീട് താലൂക്കാഫിസും പഞ്ചായത്തധികൃതരും ചേര്‍ന്ന് രേഖകളും മറ്റും കൃത്രിമമായി ഉണ്ടാക്കി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. ടാര്‍ ചെയ്ത റോഡാണ് നിര്‍മിച്ചിരിക്കുന്നത്.
ഇതേരീതിയില്‍ രണ്ടു റോഡുകള്‍ കൂടി റിസോര്‍ട്ട് ഉടമകള്‍ക്കായി നിര്‍മിച്ചു കൊടുത്തിട്ടുണ്ട്. ക്ലബ് മഹേന്ദ്ര റിസോര്‍ട്ടിലേക്കുള്ള സീതാദേവി ലേക്ക് റോഡ് പഞ്ചായത്തിനെക്കൊണ്ട് ഏറ്റെടുപ്പിച്ചാണ് നിര്‍മിച്ചത്. ഇതിനായി പഞ്ചായത്ത് 11 ലക്ഷം രൂപയാണ് ചെലവിട്ടത്. റിസോര്‍ട്ട് ഉടമയെക്കൊണ്ടു റോഡു നിര്‍മിച്ച ശേഷം തുക ബിനാമി ഗുണഭോക്തൃ കമ്മിറ്റിക്ക് അനുവദിക്കുകയായിരുന്നുവെന്നാണ് വിവരം.
സൂര്യനെല്ലി ടൗണില്‍ നിന്നും അപ്പര്‍ സൂര്യനെല്ലിയിലേക്കുള്ള റോഡും ഇത്തരത്തില്‍ ഹാരിസണ്‍ ഗ്രൂപ്പിനു വേണ്ടി നിര്‍മിച്ചു കൊടുത്തു. 13 ലക്ഷം രൂപയുടെ ഇടപാടായിരുന്നു ഇത്. സിപിഐ അംഗമായ വനിതയാണ് ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ്. ഭൂമാഫിയയുടെ മുഖ്യ ഇടനിലക്കാരന്‍ സിപിഎം ഏരിയാ നേതാവാണ്. ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ടു നിരവധി കേസുകളിലും പ്രതിയാണ് ഇദ്ദേഹം.
Next Story

RELATED STORIES

Share it