സ്വകാര്യ മേഖലയില്‍ പ്രസവാവധി 26 ആഴ്ചയാക്കി വര്‍ധിപ്പിക്കും

ന്യൂഡല്‍ഹി: സ്വകാര്യ തൊഴില്‍ സ്ഥാപനങ്ങളിലെ പ്രസവാവധി 26 ആഴ്ചയാക്കി വര്‍ധിപ്പിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍. നേരത്തെ ഇത് 12 ആഴ്ചയായിരുന്നു. തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് ഇതുസംബന്ധിച്ച ഉറപ്പു ലഭിച്ചിട്ടുണ്ടെന്നു കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വ്യക്തമാക്കി. കുട്ടികളെ മുലയൂട്ടുവാനുള്ള സമയംകൂടി പരിഗണിച്ചു പ്രസവാവധി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രിക്കു കത്തുനല്‍കിയിരുന്നു. ഇത് ആറര മാസമാക്കി വര്‍ധിപ്പിക്കാമെന്നാണ് ഇപ്പോള്‍ തൊഴില്‍ മന്ത്രാലയം നല്‍കിയ ഉറപ്പെന്നും മേനക ഗാന്ധി വ്യക്തമാക്കി.
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ഗര്‍ഭിണികള്‍ക്കു മുഴുവന്‍ ശമ്പളത്തോടെയുള്ള പ്രസവാവധി അനുവദിക്കുന്നതു സംബന്ധിച്ച 1961ലെ പ്രസവാനുകൂല്യ നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്യും. സ്വകാര്യ മേഖലയിലെയും സര്‍ക്കാര്‍ മേഖലയിലെയും പ്രസവാവധി 32 ആഴ്ചയാക്കി വര്‍ധിപ്പിക്കാനായിരുന്നു വനിതാ ശിശുമന്ത്രാലയത്തിന്റെ ശ്രമം. ആറുമാസം മുലയൂട്ടുവാന്‍ ഉള്‍പ്പെടെ എട്ടുമാസത്തെ അവധി അനുവദിക്കണമെന്നായിരുന്നു വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ ആവശ്യം. എന്നാല്‍, ഇതു വനിതകളുടെ തൊഴില്‍ സാഹചര്യങ്ങളെ ബാധിക്കുമെന്നായിരുന്നു തൊഴില്‍മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.
സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് നിലവില്‍ ആറുമാസം പ്രസവാവധി ലഭിക്കുന്നുണ്ട്. ഇതിനു പുറമേ മക്കള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയാവുന്നതുവരെ ശിശു പരിപാലനത്തിനായി രണ്ടുവര്‍ഷത്തെ അവധിയും ലഭിക്കുന്നുണ്ട്. എന്നാല്‍, ഏഴാം ശമ്പളകമ്മീഷന്റെ ശുപാര്‍ശയില്‍ ആദ്യ ഒരു വര്‍ഷം മാത്രം മുഴുവന്‍ ശമ്പളം നല്‍കിയാല്‍ മതിയെന്നും രണ്ടാമത്തെ വര്‍ഷം 80 ശതമാനം ശമ്പളമേ നല്‍കാവൂവെന്നുമായിരുന്നു നിര്‍ദേശിച്ചിരുന്നത്. ഇതിനെതിരേ മേനക ഗാന്ധി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോടു വിയോജിപ്പറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it