സ്വകാര്യ മേഖലയില്‍ ഒബിസി സംവരണം വേണം: ദേശീയ പിന്നാക്ക കമ്മീഷന്‍

ന്യൂഡല്‍ഹി: സ്വകാര്യ തൊഴില്‍ മേഖലയിലും ഒബിസി സംവരണം ഏര്‍പ്പെടുത്തണമെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍. ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചതായി കമ്മീഷന്‍ അംഗം ഷക്കീലുസ്സമാന്‍ അന്‍സാരി വ്യക്തമാക്കി. സഹകരണ മേഖലയുള്‍പ്പെടെയുള്ള സ്വകാര്യതൊഴില്‍ മേഖലയില്‍ 27 ശതമാനം ഒബിസി സംവരണം ഏര്‍പ്പെടുത്തണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.
ദീര്‍ഘകാലമായുള്ള തങ്ങളുടെ ആവശ്യമാണ് ഇതെന്നും ഇതിനായി നിയമ നിര്‍മാണം നടത്തണമെന്നും അന്‍സാരി ആവശ്യപ്പെട്ടു. സ്വകാര്യ തൊഴില്‍ മേഖലയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം കുറവാണ്. പിന്നാക്കക്കാര്‍ക്ക് ജോലി നല്‍കാന്‍ സ്വമേധയാ ഇവര്‍ തയ്യാറാവാറുമില്ല. ബിജെപി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുകയാണ് പതിവ്. എന്നാല്‍ ഇതേ ആവശ്യം കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ കഴിഞ്ഞ വാരം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ്സും ഇടതുപക്ഷവും നേരത്തെ തന്നെ സംവരണം വേണമെന്ന നിലപാടുകാരാണ്. പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും മാത്രമല്ല ഒബിസി വിഭാഗവും സ്വകാര്യമേഖലയില്‍ ജോലിക്ക് സംവരണത്തിന് അര്‍ഹരാണെന്ന് അന്‍സാരി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 10 വര്‍ഷത്തില്‍ സര്‍ക്കാര്‍ മേഖലയെക്കാള്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് സ്വകാര്യമേഖലയാണ്. 2006ല്‍ 182 ലക്ഷമായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം 2012 ആയതോടെ 176 ലക്ഷമായി കുറഞ്ഞു.
സ്വകാര്യ മേഖലയില്‍ 31.3 ലക്ഷം തൊഴില്‍ അധികം സൃഷ്ടിക്കപ്പെട്ടു. സര്‍ക്കാരില്‍ നിന്ന് നിരവധി ആനുകൂല്യങ്ങളാണ് സ്വകാര്യ കമ്പനികള്‍ നേടുന്നതെന്ന് പിന്നാക്ക കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it