palakkad local

സ്വകാര്യ മില്ലുടമകളുടെ കടുംപിടുത്തം നെല്ലു സംഭരണത്തെ താറുമാറാക്കി



പാലക്കാട്: നെല്ല് സംഭരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പി കെ ബിജു എംപി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും, കൃഷിവകുപ്പ് മന്ത്രിക്കും എംപി കത്ത് നല്‍കിയിട്ടുണ്ട്. സ്വകാര്യ മില്ലുടമകളുടെ അനാവശ്യ കടുംപിടുത്തം ജില്ലയിലെ നെല്ലു സംഭരണ നടപടികളെ താറുമാറാക്കി. സര്‍ക്കാര്‍ നിശ്ചയിച്ച വിലക്ക് നെല്ല് ഏറ്റെടുക്കാന്‍ വിമുഖത പ്രകടിപ്പിച്ച മില്ലുടമകള്‍ അതേ സമയം അവരുടെ ഏജന്റുമാരെ ഉപയോഗപ്പെടുത്തി കര്‍ഷകരില്‍ നിന്നും ചെറിയ വിലയ്ക്ക് നെല്ല് സംഭരിക്കുകയും ചെയ്തിട്ടുണ്ട്. നെല്ല് സംഭരണത്തിലെ അപാകതകള്‍ മൂലം ജില്ലയിലെ കര്‍ഷകര്‍ സപ്ലൈകോ മുഖേനെയുള്ള സംഭരണത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാകുന്നത്. സപ്ലൈകോ മുഖേനെ ഇരുപത്തിമൂന്ന് രൂപ മുപ്പത് പൈസയാണ് നല്‍കുന്നതെങ്കില്‍ കമ്പനികളുടെ ഏജന്റുമാര്‍ 17രൂപ മുതല്‍ 20രൂപ വരെയാണ് നല്‍കുന്നത്. ഭൂരിഭാഗം കര്‍ഷകര്‍ക്കും തങ്ങളുടെ വിളവ് ചുളുവിലക്ക് സ്വകാര്യ കമ്പനികളുടെ ഏജന്റുമാര്‍ക്ക് നല്‍കേണ്ടി വന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങളുടെ അധ്വാനത്തിന് അര്‍ഹമായ വില ലഭിക്കുന്നതിനായി സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നാണ് ജില്ലയിലെ കര്‍ഷകരുടെ ആവശ്യം. നെല്ല് സംഭരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനും, ജില്ലയിലെ കര്‍ഷകര്‍ക്ക് യഥാസമയം സംഭരണ വില ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it