ernakulam local

സ്വകാര്യ ബഹുനില കെട്ടിടം അപകട ഭീഷണി ഉയര്‍ത്തുന്നതായി ആരോപണം



ആലുവ: കാലപ്പഴക്കം ചെന്ന സ്വകാര്യ ബഹുനില കെട്ടിടം അപകട ഭീഷണി ഉയര്‍ത്തുന്നതായി ആരോപണം. ആലുവ ബാങ്ക് കവല മാര്‍ക്കറ്റ് റോഡില്‍ ഗ്രാന്റ് ഹോട്ടലിന് സമീപത്തെ മൂന്ന് നില കെട്ടിടമാണ് ജീര്‍ണാവസ്തയിലുള്ളത്. 80 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്  കാര്യമായ ബലക്ഷയമുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സമീപകാലത്തായി കെട്ടിടം തകര്‍ച്ചയെ നേരിടുന്നുണ്ട്. കുറച്ച് ദിവസമായി മുകള്‍ ഭാഗത്തടക്കം തകര്‍ച്ചയുണ്ടായിട്ടുണ്ട്. തിരക്കേറിയ റോഡിന് സമീപത്തുള്ള കെട്ടിടത്തില്‍ വ്യാപാര സ്ഥാപനങ്ങളും ചില സംഘടനകളുടെ ഓഫിസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ തന്നെ കെട്ടിടത്തിന് തകര്‍ച്ച നേരിട്ടാല്‍ വലിയ ദുരന്തമാണുണ്ടാകുക. ഇക്കാര്യങ്ങള്‍ നാട്ടുകാരില്‍ പലരും നഗരസഭ അടക്കമുള്ള അധികൃതരെ ധരിപ്പിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പേരിന് വ്യാപാരികളോട് അവിടെ നിന്ന് ഒഴിയാന്‍ മാത്രം പറഞ്ഞ് നഗരസഭ അധികൃതര്‍ തടിതപ്പിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കടകള്‍ അടച്ചിട്ട വ്യാപാരികള്‍ കെട്ടിടത്തിന് മുകളില്‍ താല്‍ക്കാലിക അറ്റകുറ്റപണികള്‍ നടത്തി. നിയമവിരുദ്ധമായാണ് ഈ പണികള്‍ ചെയ്തതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതിന് നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ കൂട്ടുനിന്നതായും ആക്ഷേപമുണ്ട്. കെട്ടിട ഉടമയും മുറികള്‍ വാടകക്കെടുത്തിരിക്കുന്നവരും തമ്മില്‍ കോടതിയില്‍ കേസുകള്‍ നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it