Flash News

സ്വകാര്യ ബസ്സുകള്‍ക്ക് പൂട്ടിടാന്‍ ഗതാഗത വകുപ്പ്



നിഖില്‍ എസ് ബാലകൃഷ്ണന്‍

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ഇനി മുതല്‍ പൂര്‍ണമായും മോട്ടോര്‍ വാഹനവകുപ്പിന്റെ വകുപ്പിന്റെ നിയന്ത്രണത്തിലേക്ക്. നിലവില്‍ മോട്ടോര്‍ വാഹനവകുപ്പ് ഇടപെടലുകള്‍ നടത്താറുണ്ടെങ്കിലും പലപ്പോഴും ഫലപ്രദമാവാറില്ല. റൂട്ട് പെര്‍മിറ്റുകള്‍ തെറ്റിച്ചു പായുന്ന സ്വകാര്യ ബസ്സുകളെ നിയന്ത്രിക്കാനും നിയമലംഘനത്തിനു മൂക്കുകയറിടാനും ഗതാഗതവകുപ്പിനു പലപ്പോഴും സാധിക്കാതെ വരുന്നു. വകുപ്പില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതും പരിശോധനകളെ ബാധിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ ഡിജിറ്റലൈസിങ് സംവിധാനം ഫലപ്രദമായി വിനിയോഗിച്ച് നിയമലംഘനങ്ങള്‍ക്ക് തടയിടാനുള്ള ഒരുക്കത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ്. സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളില്‍ ഡിജിറ്റലൈസിങ് നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കേരളത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ വിവരങ്ങള്‍ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടു മാസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറയുന്നു. സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടം മൂലം അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ കൂടിയാണ് നടപടി. ഒരു ബസ് സമയക്രമം പാലിച്ചില്ലെങ്കില്‍ ആ റൂട്ടില്‍ ഓടുന്ന മറ്റ് ബസ്സുകളെയും അത് ബാധിക്കുന്നു. ഇങ്ങനെയാണ് മല്‍സരയോട്ടം നടത്തേണ്ടിവ—രുന്നതും അപകടങ്ങള്‍ ഉണ്ടാവുന്നതും. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ബസ്സുകളുടെ പേര്, ഓരോ സ്ഥലത്തും എത്തേണ്ട സമയക്രമം, ഉടമയുടെ വിവരങ്ങള്‍ എന്നിവയെല്ലാം ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കും. 16,000 ബസ്സുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്നത്. പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ സമയക്രമമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വിവരങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പ്രത്യേക ആപ്ലിക്കേഷനും മോട്ടോര്‍ വാഹനവകുപ്പ് ഏര്‍പ്പെടുത്തും. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സിഡാക്) ആണ് മൊബൈല്‍ ആപ്ലിക്കേഷന് രൂപം നല്‍കുന്നത്.
Next Story

RELATED STORIES

Share it