Alappuzha local

സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടത്തിനിടെ അപകടം; 13 യാത്രക്കാര്‍ക്ക് പരിക്ക്‌

സ്വന്തം പ്രതിനിധി

മാന്നാര്‍: സ്വകാര്യ ബസുകളുടെ മല്‍സരയോട്ടത്തില്‍ യാത്രക്കാരെ ഇറക്കുവാനായി നിര്‍ത്തിയിട്ടിരുന്ന ബസിനെ മറികടന്നു പോകുവാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ബസിന്റെ പിന്നിലിടിച്ച് പതിമൂന്ന് യാത്രക്കാര്‍ക്ക് പരിക്ക്. നാലു പേരുടെ തലക്കും, രണ്ടു പേരുടെ കൈകള്‍ക്ക് ഒടിവും പൊട്ടലും സംഭവിച്ചു. പരിക്കേറ്റവരെയെല്ലാം പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് ആറു മണിയോടെ തിരുവല്ല - കായംകുളം സംസ്ഥാന പാതയില്‍ മാന്നാറിനു സമീപം ചെന്നിത്തല ഒരിപ്രം നാലാംമൈല്‍ കവലയില്‍ വെച്ചാണ് അപകടമുണ്ടായത്. മാവേലിക്കര ഭാഗത്തേക്ക് സര്‍വ്വീസ് നടത്തുകയായിരുന്ന തിരുവല്ല ഹരിപ്പാട് മുഴങ്ങോടിയില്‍ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനിടയില്‍ പിന്നാലെ വരികയായിരുന്ന മുണ്ടക്കയം - മാവേലിക്കര കെ.ഇ.മോട്ടോഴ്‌സ് ബസ് അമിത വേഗതയില്‍ മറികടക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് മുന്നിലുള്ള ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മാന്നാര്‍ എസ്.ഐ.കെ.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സംഭവസമയത്ത് ഈ റൂട്ടില്‍ പെട്രോളിംഗ് നടത്തുകയായിരുന്നു. മാവേലിക്കരയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റും ആംബുലന്‍സും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പോലിസ് ജീപ്പിലും, സ്വകാര്യ വാഹനത്തിലുമായിട്ടാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ചെന്നിത്തല ചിറമേല്‍ കൊപ്പാറ വീട്ടില്‍ സജിന (38), മാന്നാര്‍ വലിയകുളങ്ങര മാവിലേത്ത് വീട്ടില്‍ വിജി (25), ചെന്നിത്തല ഒരിപ്രം ഗോകുല്‍ നിവാസില്‍ ഡോ.അപര്‍ണ്ണ ജി നായര്‍ (25), ബുധനൂര്‍ ഉളുന്തി ലക്ഷ്മി വിലാസത്തില്‍ വിനീത് (38), ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര നിര്‍മ്മല ഭവനില്‍ വിനീത (19), പള്ളിപ്പാട് മുട്ടം വാണിയപുരയില്‍ വീട്ടില്‍ സോഫിയ (22), മാവേലിക്കര കൊറ്റാര്‍കാവ് രാമാലയത്തില്‍ അനന്തരാമന്‍(20), നൂറനാട് പാലമേല്‍ പടനിലം കുറ്റി വിളയില്‍ വീട്ടില്‍ ഷീജ (42), ചെട്ടികുളങ്ങര തട്ടാരമ്പലം പേള അനുഗ്രഹയില്‍ വീട്ടില്‍ ആതിരാ വി ശങ്കര്‍ ( 24), കെ.ഇ. മോട്ടോഴ്‌സ് ബസിലെ കണ്ടക്ടര്‍ കട്ടപ്പന ദേവികുളം അയ്യപ്പന്‍കോവില്‍, പാറയില്‍ വീട്ടില്‍ മനോജ് (39), ചെന്നിത്തല ഒരിപ്രം കുരിശുംമൂട്ടില്‍ വീട്ടില്‍ അന്നമ്മ ജോര്‍ജ് (53), ചെന്നിത്തല ഒരിപ്രം റിന്റാ, ഡാലിയില്‍ വീട്ടില്‍ അനീറ്റാ ജോസഫ് (37), നൂറനാട് പടനിലംകുറ്റി വിളയില്‍ വീട്ടില്‍ കാര്‍ത്തികേയന്‍ (55) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it