Idukki local

സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അയിത്തം

തൊടുപുഴ: ഇടുക്കി ജില്ലയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ക്കായി ബസുടമകളും ജീവനക്കാരും തയ്യാറാക്കിയിരിക്കുന്ന അലിഖിത പെരുമാറ്റച്ചട്ടത്തിന് മാറ്റമില്ല.സ്വകാര്യ സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുന്ന ബസ്സില്‍ വിദ്യാര്‍ഥികള്‍ക്ക് നേരത്തേ കയറാനോ ഇരിക്കാനോ കഴിയില്ല എന്നതാണ് സ്വകാര്യ ബസ്സുകള്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന ചട്ടം.

വര്‍ഷങ്ങളായി പോലിസ് ഗതാഗത വകുപ്പ് അധികൃതരുടെ ഒത്താശയോടെ നിലനിന്നുപോരുന്ന നയത്തില്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കേണ്ടി വരുന്നത് ദുരിതയാത്രയാണ്. ബസ് എടുത്ത ശേഷമാണ് വിദ്യാര്‍ഥികളെ ബസ്സില്‍ കയറാന്‍ ജീവനക്കാര്‍ അനുവദിക്കാറുള്ളൂ. പലപ്പോഴും സ്റ്റാര്‍ട്ട് ചെയ്ത് വേഗത്തില്‍ മുന്നോട്ട് എടുക്കുന്ന വാഹനങ്ങളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീഴാന്‍ പോകുന്നതും പതിവാണ്.മഴയത്തും,വെയിലത്തും ബസ് പുറപ്പെടുന്നതും കാത്ത് മണിക്കൂറുകളാണ് പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ കാത്തുനില്‍ക്കേണ്ടി വരുന്നത്.ഇതേ ചൊല്ലി വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങളും വാക്കേറ്റങ്ങളും പല റൂട്ടുകളിലും സ്റ്റാന്‍ഡുകളിലും പതിവാണ്.ബസ് പുറപ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് മാത്രമേ കയറാവൂ,നിശ്ചിത സ്ഥലങ്ങളില്‍ നിന്ന് മാത്രമേ വിദ്യാര്‍ഥികള്‍ കയറാവൂ,സീറ്റിലിരിക്കരുത് തുടങ്ങി പല നിയമങ്ങളാണ് വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നത്.
ബസ് എടുക്കുന്നതിന് തൊട്ടുമുന്‍പ് തിക്കിത്തിരക്കി ബസില്‍ കയറിപ്പറ്റാന്‍ കഴിയുന്നവര്‍ക്ക് മാത്രം യാത്ര ചെയ്യാമെന്ന സ്ഥിതിയാണ് നിലവിലുള്ളത്.ബാക്കി വിദ്യാര്‍ഥികള്‍ അടുത്ത ബസിനായി കാത്തുനില്‍ക്കണം.സ്‌കൂള്‍, കോളജുകള്‍ക്ക് മുന്നിലെ സ്‌റ്റോപ്പുകളില്‍ പല ബസുകളും നിര്‍ത്താറില്ല.ബസ് ജീവനക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സ്‌റ്റോപ്പില്‍ നിന്നേ വിദ്യാര്‍ഥികള്‍ കയറാവൂ.
വിദ്യാര്‍ഥികളെ ഒഴിവാക്കാന്‍ സ്‌കൂളും,കോളജും വിടുന്നതിന് മുമ്പ് കടന്നുപോകുന്ന ബസുകളുമുണ്ട്.ബസില്‍ കയറിയാല്‍ തന്നെ വിദ്യാര്‍ഥികളോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയുമൊക്കെ ചെയ്യുന്നവരുംധാരാളം.മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതായി ഭാവിച്ചും മറ്റും പെണ്‍കുട്ടികളോട് അസഭ്യം പറയുകയാണ് ചെയ്യുക.ബസ് ജീവനക്കാരെ ഭയന്ന് വിദ്യാര്‍ഥികള്‍ ഇത്തരം സംഭവങ്ങളുടെ പേരില്‍ പരാതി പറയുകയോ എതിര്‍ക്കുകയോ ചെയ്യാറില്ല.
വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായാല്‍ പോലിസ് കാഴ്ചക്കാരായി നില്‍ക്കുകയാണ് പതിവ്.വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഗതാഗത വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇവരുടെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്നാണ് പരാതി. മുന്‍പ് വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിസംഘടനകള്‍ നടത്തിയിരുന്ന ഇടപെടലുകളും നിലവില്‍ കാര്യക്ഷമമല്ല.
ബസുകളില്‍ കണ്‍സെഷന്‍ നല്‍കി സഞ്ചരിക്കുന്ന വിദ്യാര്‍ഥികളോട് അയിത്തം പാടില്ലെന്നും ഇവരെ സാധാരണ യാത്രക്കാര്‍ തന്നെയായി പരിഗണിക്കണമെന്നുമാണ് നിയമം. എന്നാല്‍ ചില ബസുകളില്‍ വിദ്യാര്‍ഥികളോട് വളരെ നന്നായി ഇടപെടുന്ന ജീവനക്കാരുമുണ്ട്.
Next Story

RELATED STORIES

Share it