ernakulam local

സ്വകാര്യ ബസുകള്‍ പെരുമ്പാവൂരില്‍ വണ്‍വെ അട്ടിമറിക്കുന്നു



പെരുമ്പാവൂര്‍: സ്വകാര്യ ബസുകള്‍ പെരുമ്പാവൂരില്‍ വണ്‍വെ  സമ്പ്രദായം അട്ടിമറിക്കുന്നു. അങ്കമാലി- കോതമംഗലം ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളാണ് നഗരത്തില്‍ നടപ്പാക്കിയിട്ടുള്ള ട്രാഫിക് നിയമം കാറ്റില്‍ പറത്തുന്നത്. ഇതോടെ ബസ്സില്‍ നിന്നും ജനങ്ങളെ നടുറോഡില്‍ ഇറക്കിവിടുന്നതായും പരാതിയുണ്ട്. നിരവധി തവണ യാത്രക്കാര്‍ പോലിസിന് പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ല. അങ്കമാലിയില്‍ നിന്നും വരുന്ന സ്വകാര്യ ബസുകള്‍ മിനി സിവില്‍ സ്റ്റേഷന്‍, താലൂക്കാശുപത്രി, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ചുറ്റി സ്വകാര്യ ബസ്സ്റ്റാന്റില്‍  എത്തണമെന്നാണ് നിലവിലുള്ള നിയമം. എന്നാല്‍ അങ്കമാലിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വണ്‍വേ കറങ്ങാതെ യാത്രക്കാരെ എംസി റോഡിലെ ടെമ്പിള്‍ ജങ്ഷനില്‍ നിന്നും വലത്ത് തിരിഞ്ഞ് കുഴിപ്പിള്ളിക്കാവുവഴി നേരെ സ്റ്റാന്റിലേക്ക് പ്രവേശിക്കുകയാണ്. ഇതേ തുടര്‍ന്ന് നഗരത്തിന്റെ മറ്റു ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന താലൂക്കാശുപത്രി കെഎസ്ആര്‍ടിസി ബസ്‌സ്റ്റാന്റ് മാര്‍ക്കറ്റ് മിനി സിവില്‍ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലത്തേക്ക് യാത്രക്കാര്‍ ഓട്ടോ ഉള്‍പ്പെടെ മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഇതേസമയം കോതമംഗലത്ത് നിന്നും വരുന്ന വാഹനങ്ങള്‍ താലൂക്ക് ആശുപത്രിക്കു മുമ്പിലുള്ള റോഡില്‍ ഇടത്തോട്ട് തിരിഞ്ഞ് കെഎസ്ആര്‍ടിസി ബസ്റ്റാന്റ് ബൈപാസു വഴി നേരിട്ട് സ്വകാര്യ ബസ് സ്റ്റാന്റിലേക്കും പ്രവേശിക്കുകയാണ്. ഇതുമൂലം ഈ മേഖലയില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ മിനി സിവില്‍ സ്റ്റേഷന്‍, വില്ലേജ് ഓഫിസ്, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അതിനാല്‍ വാഹനങ്ങള്‍ തിരിഞ്ഞു പോകേണ്ട സ്ഥലങ്ങള്‍ പൊലീസിനെ നിയോഗിച്ച് വണ്‍വേ പരിഷ്—ക്കാരം നടപ്പിലാക്കി യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍  ഉടന്‍ പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Next Story

RELATED STORIES

Share it