ernakulam local

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ സാമ്പത്തിക തിരിമറി; അന്വേഷണം വ്യാപിപ്പിച്ച് പോലിസ്



കോതമംഗലം: നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തിരിമറിയെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം തുടങ്ങി.എന്‍എഫ്‌സി ഫിനാന്‍സ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ കോതമംഗലം ശാഖയില്‍ വന്‍ ക്രമക്കേട് നടന്നതായി കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ഥാപനത്തിലെത്തി പോലീസ് ഇന്നലെ പരിശോധന നടത്തിയത്. കോതമംഗലത്ത് പ്രവര്‍ത്തിക്കുന്ന ലാവണ്യ ഷോപ്പ് ഉടമ ബെന്നി വര്‍ഗീസ് നിക്ഷേപമായി നല്‍കിയ പണം ജീവനക്കാരായ ജോയലും മാനേജര്‍ ശ്രീഹരിയും ചേര്‍ന്ന് സ്ഥാപനത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്താതെ തിരിമറി നടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് സ്ഥാപനത്തിലെ സാമ്പത്തിക തിരിമറിയേ കുറിച്ചുള്ള വാര്‍ത്ത പുറത്ത് വന്നത്. ഇതിനെത്തുടര്‍ന്ന് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് കൂടുതല്‍ അന്യേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചത്. പരിശോധനയില്‍ കോടികളുടെ തിരിമറി നടന്നതായുള്ള വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. നിക്ഷേപമായി നല്‍കിയ പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ സ്ഥാപനത്തിനു മുന്നില്‍ തടിച്ചു കൂടിയത് നേരിയതോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി. നിക്ഷേപം സ്വീകരിച്ചതിനു പുറമേ പണയ ഉരുപ്പടി വാങ്ങി തട്ടിപ്പ് നടത്തിയതായും പണയ ഉരുപ്പടികള്‍ മറ്റൊരു സ്ഥാപനത്തില്‍ പണയം വച്ച് തിരിമറി നടത്തിയതായും പോലീസ് നടത്തിയ പരിശോധനയില്‍ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. സ്ഥാപനത്തില്‍ നിന്നും 1517 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായി ഉടമകള്‍ പോലീസില്‍ പരാതി നല്‍കിയതായി സൂചനയുണ്ട്.സംസ്ഥാനത്ത് 30ലധികം ശാഖകളോടുകൂടി പ്രവര്‍ത്തിക്കുന്ന എന്‍എഫ്‌സി കമ്പനിയുടെ ഉടമകളെ കേന്ദ്രീകരിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഒളിവില്‍ പോയിരിക്കുന്ന പ്രധാന പ്രതിയും കമ്പനിയുടെ മാനേജരുമായിരുന്ന ശ്രീഹരിയെ പിടികൂടിയാല്‍ മാത്രമേ തട്ടിപ്പിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളു എന്നാണ് പോലീസ് പറയുന്നത്.
Next Story

RELATED STORIES

Share it