സ്വകാര്യ ദീര്‍ഘദൂര ബസ്സുകളില്‍ സിസിടിവി കാമറ നിര്‍ബന്ധമാക്കി

പൊന്നാനി: സ്വകാര്യ ദീര്‍ഘദൂര ബസ്സുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചു തുടങ്ങി. യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി കാമറകള്‍ സ്ഥാപിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ദീര്‍ഘദൂര സ്വകാര്യ ബസ്സുകളില്‍ കാമറകള്‍ സ്ഥാപിക്കുന്നത്. കോഴിക്കോട്- തൃശൂര്‍ റൂട്ടിലോടുന്ന പത്തോളം ബസ്സുകളിലും, ഗുരുവായൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന 15ഓളം ബസ്സുകളിലും നാല് വശങ്ങളിലും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
മുന്‍വശത്ത് രണ്ടും പിറകുവശത്ത് രണ്ടും കാമറകളാണ് ഉണ്ടാവുക. ദൃശ്യങ്ങള്‍ മുന്‍വശത്തെ മോണിറ്ററില്‍ യാത്രക്കാര്‍ക്ക് തല്‍സമയം കാണുകയും ചെയ്യാം. പോക്കറ്റടി, സ്ത്രീകള്‍ക്കെതിരേ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ എന്നിവ തടയാനുമാണ് പ്രധാനമായും കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. മിക്ക ബസ്സുകളിലും യാത്രക്കാരായ സ്ത്രീകള്‍ക്കെതിരേ ലൈംഗിക അതിക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. രാത്രിയിലും കാണാവുന്ന ഇന്‍ഫ്രാറെഡ് കാമറകളാണ് ബസ്സിനുള്ളില്‍ സ്ഥാപിക്കേണ്ടത്. നാല് കാമറകള്‍ക്ക് മാത്രം പതിനായിരത്തോളം രൂപ വരും. ഇതിന്പുറമെ ഡിജിറ്റല്‍ വീഡിയോ റിക്കാഡറും ദൃശ്യങ്ങള്‍ 15 ദിവസംവരെ സൂക്ഷിക്കാനാവുന്ന 500 ജിബിയുടെ ഹാര്‍ഡ് ഡിസ്‌ക്കും വേണം.
യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ നടക്കുന്നത് പതിവാണെങ്കിലും പലരും പരാതിപ്പെടാറില്ല. കാമറകള്‍ സ്ഥാപിക്കുന്നതോടെ ഇതിന് മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷ. അതേസമയം, കാമറകള്‍ വയ്ക്കുന്നത് സ്ത്രീകളുടെ സ്വകാര്യതകള്‍ക്കുമേലുള്ള കടന്നുകയറ്റമാണന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ദീര്‍ഘദൂര ബസ്സുകളില്‍ കലക്ഷന്‍ അനുസരിച്ചാണ് ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത്. ചിലര്‍ വെട്ടിപ്പ് നടത്തി മുതലാളിമാരെ കബളിപ്പിക്കുന്നതിന് അറുതി വരുത്താന്‍ കാമറകള്‍കൊണ്ട് കഴിയുമെന്ന് ബസ്സുടമകളും പ്രതീക്ഷിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it