wayanad local

സ്വകാര്യ തോട്ടത്തിലെ മാലിന്യം രോഗംബാധിച്ച് ചത്ത കോഴികളുടേതെന്ന് സൂചന

പുല്‍പ്പള്ളി: സുരഭിക്കവലയിലെ സ്വകാര്യ തോട്ടത്തില്‍ കുഴിച്ചിട്ട മാലിന്യം ഇതര ജില്ലകളില്‍ രോഗം ബാധിച്ച് ചത്ത കോഴികളുടേതെന്നു സൂചന. ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ കുഴികളില്‍ നിന്നു കോഴികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഫാമുകളില്‍ രോഗം ബാധിച്ച് ചത്ത കോഴികള്‍ ആണോയെന്നു പരിശോധനയ്ക്ക് ശേഷമേ പറയാന്‍ കഴിയുകയുള്ളൂവെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ ആരോഗ്യവകുപ്പിന്റെയും പോലിസിന്റെയും ജനപ്രതിനിധികളുടെയും ആക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്. തുറന്ന കുഴിയിലെ മാലിന്യങ്ങള്‍ സമീപത്ത് മറ്റൊരു കുഴിയുണ്ടാക്കി അതിലേക്ക് മാറ്റിയായിരുന്നു പരിശോധന. സ്വകാര്യ കൃഷിയിടത്തിലെ രണ്ടേക്കര്‍ സ്ഥലത്ത് 22ഓളം കുഴികളിലാണ് ഇത്തരത്തില്‍ ചാക്കില്‍ കെട്ടിയും അല്ലാതെയും ചത്ത കോഴികളെ നിക്ഷേപിച്ചത്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേല്‍നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലിസ്. സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ പറയാന്‍ കഴിയുകയുള്ളൂവെന്ന നിലപാടാണ് പോലിസിന്റേത്. പാടിച്ചിറ മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുല്‍ റഹ്മാന്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി, പഞ്ചായത്തംഗങ്ങളായ സിസിലി ചെറിയാന്‍, സി പി വിന്‍സെന്റ്, തോമസ് പാഴുക്കാല, ജാന്‍സി ജോസഫ്, നിഷാ ശശി, പി എ പ്രകാശന്‍, ബിജു പുലക്കുടിയില്‍, മോളി ജോസ്, പി കെ സുരേഷ്, സമരസമിതി നേതാക്കളായ സാബു മാമ്പളയില്‍, ചാക്കോ കണ്ണന്താനം, സണ്ണി ഓലിക്കരോട്ട്, സിബി കുടിയത്ത് എന്നിവരും പരിശോധനാ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it