kasaragod local

സ്വകാര്യ ജ്വല്ലറിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു

കാസര്‍കോട്: നിരവധി ഇടപാടുകാരില്‍ നിന്ന് സ്വര്‍ണവും പണവും സ്വീകരിച്ച ശേഷം തിരിച്ചു നല്‍കാത്തതിനേ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രസ് ക്ലബ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കല്ലറക്കല്‍ മഹാറാണി  ജ്വല്ലറിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചു. ഇതോടെ പണം നിക്ഷേപിച്ചവര്‍ നെട്ടോട്ടത്തിലായി. ഇന്നലെ രാവിലെ പതിനൊന്നോടെ ജ്വല്ലറിയിലേക്ക്  സ്ത്രീകളടക്കമുള്ളവര്‍ എത്തിയപ്പോഴാണ് അടച്ചിട്ട നിലയില്‍ കണ്ടത്. തൊട്ട് സമീപത്തെ വ്യാപാരികളോട് അന്വേഷിച്ചപ്പോള്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ പൂട്ടിയതാണെന്ന് വിവരം ലഭിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ജ്വല്ലറിയില്‍ പണവും സ്വര്‍ണാഭരണങ്ങളും നിക്ഷേപിച്ച സ്ത്രീകളടക്കമുള്ള ഇടപാടുകാര്‍ എത്തികൊണ്ടിരിക്കുകയാണ്. ഏകദേശം പത്ത് കോടിയോളം രൂപയാണ് പലരില്‍ നിന്നും ജ്വല്ലറി ഉടമകള്‍ പിരിച്ചെടുത്തത്. പലരും മക്കളുടെ കല്ല്യാണത്തിന് വേണ്ടി ജ്വല്ലറിയില്‍പണം ഡിപ്പോസിറ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് കാസര്‍കോട് പോലിസ് സ്‌റ്റേഷനില്‍ നടന്ന അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടതോടെ പണം നഷ്ടപ്പെട്ടവര്‍ തിരിച്ചുകിട്ടാനായി നിയമവഴികള്‍ തേടുകയാണ്. ഇതേ ജ്വല്ലറിയുടെ കാഞ്ഞങ്ങാട് ഷോറും ഏതാനും മാസം മുമ്പ് പൂട്ടിയിരുന്നു. ജിഎസ്ടി പ്രശ്‌നവും വ്യാപാരം കുറഞ്ഞതുമാണ് അന്ന് ജ്വല്ലറി പൂട്ടാന്‍ കാരണമെന്നാണ് മാനേജ്‌മെന്റ് പറഞ്ഞത്. എന്നാല്‍ കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിക്ഷേപിച്ച പണത്തില്‍ നിന്ന് കാസര്‍കോട്ട് ഒരു വന്‍കിട കെട്ടിടവും വിവിധ പ്രദേശങ്ങളില്‍ സ്ഥലവും വിലക്ക് വാങ്ങിയിരുന്നു. ഇതിന് ശേഷമാണ് ഉടമ മുങ്ങുന്നത്. ജീവനക്കാരേയാണ് ജ്വല്ലറിയുടെ നടത്തിപ്പ് ഏല്‍പ്പിച്ചിരുന്നത്. ഇവര്‍ക്ക് രണ്ട്മാസമായി ശമ്പളം പോലും ലഭിക്കുന്നില്ലെന്ന് തെ ാഴിലാളികള്‍ പറയുന്നു.
Next Story

RELATED STORIES

Share it