Flash News

സ്വകാര്യ ചടങ്ങില്‍ മദ്യം വിളമ്പാന്‍ അനുമതി ആവശ്യമില്ല: കോടതി



കൊച്ചി: വീടുകളിലെ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസിന്റെ അനുമതിയോ ലൈസന്‍സോ ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍, ഇതിന്റെ മറവില്‍ മദ്യവില്‍പന അനുവദിക്കരുതെന്നും കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് കൃത്യമായി പാലിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വീട്ടില്‍ നടത്തുന്ന സല്‍ക്കാരത്തിനു മദ്യം വിളമ്പാന്‍ എഫ്എല്‍ 6 ലൈസന്‍സ് എടുക്കണമെന്നും ഇല്ലെങ്കില്‍ കേസെടുക്കുമെന്നും എക്‌സൈസ്, പോലിസ് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയതിനെതിരേ കോട്ടയം പേരൂര്‍ സ്വദേശി അലക്‌സ് സി ചാക്കോ നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ജൂണ്‍ 25നു നടക്കുന്ന ഹരജിക്കാരന്റെ പേരക്കുട്ടിയുടെ മാമോദീസാ ചടങ്ങിനോടനുബന്ധിച്ച് വീടിനു പിന്നില്‍ പന്തലിട്ട് വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ മദ്യം വിളമ്പാന്‍ 50,000 രൂപ കെട്ടിവച്ച് ലൈസന്‍സ് എടുക്കണമെന്നാണ് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കിയത്. കുടുംബപരമായ ചടങ്ങില്‍ മദ്യം വില്‍ക്കാനുള്ള സാധ്യതയില്ല. എങ്കിലും സര്‍ക്കാരിന്റെ വാദമനുസരിച്ചാണെങ്കില്‍, വീട്ടിലെത്തുന്ന അതിഥിക്ക് 100 രൂപ വിലയുള്ള വീഞ്ഞ് വിളമ്പാന്‍ 50,000 രൂപയുടെ ലൈസന്‍സ് വേണ്ടിവരുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മാത്രമല്ല, വീടും പരിസരവും വിദേശമദ്യച്ചട്ടത്തിലെ വ്യവസ്ഥയനുസരിച്ച് പൊതുസ്ഥലത്തിന്റെ നിര്‍വചനത്തില്‍ വരില്ലെന്നും അതിനാല്‍ ലൈസന്‍സ് വേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. വീടുകളിലെ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ അനുവദിക്കുന്നത് വീടുകളെ അപ്രഖ്യാപിത ബാറുകളാക്കി മാറ്റുമെന്ന ആശങ്കയാണ് സര്‍ക്കാര്‍ പങ്കുവയ്ക്കുന്നത്. മദ്യത്തിന്റെ ദുരുപയോഗത്തെക്കുറിച്ച് സര്‍ക്കാരിനുള്ള ആശങ്ക പ്രശംസനീയമാണെങ്കിലും ഇതിനുള്ള നടപടിക്രമങ്ങളുടെ പേരില്‍ വീടുകളിലേക്ക് കടന്നുകയറുന്നത് ഉചിതമല്ല. ലൈസന്‍സില്ലാതെ മദ്യം ഉപയോഗിക്കാന്‍ അനുവദിക്കുന്നത് സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് സര്‍ക്കാരിന്റെ മറ്റൊരു വാദം. ഈ ഭയം വിധിനിര്‍ണയത്തിനു ബാധകമല്ല. സുഹൃത്തുക്കള്‍ക്കും അടുപ്പക്കാര്‍ക്കും മദ്യം വിളമ്പുകയാണെന്ന പേരില്‍ ആളുകള്‍ വീടുകളില്‍ മദ്യം വില്‍ക്കാന്‍ തുടങ്ങുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. ഒരു നിയമത്തിന്റെ വ്യവസ്ഥയില്‍ അതിന്റെ ദുരുപയോഗത്തിനു സാധ്യതയുണ്ടെന്നു കണ്ടാല്‍ പ്രതിവിധി നിയമനിര്‍മാണമാണ്. മറിച്ച്, ഇത്തരം ആശങ്കകളുടെ പേരില്‍ കോടതിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്താന്‍ കഴിയില്ല. മദ്യത്തിന്റെ അളവിന് പരിധി ഏര്‍പ്പെടുത്തുകയും പൊതുസ്ഥലമേതാണെന്നു നിര്‍വചിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇതു ലംഘിച്ച് വിരുന്നു നടത്തിയാല്‍ നിയമപരമായി നടപടിയെടുക്കാന്‍ കഴിയുമെന്നും ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it