സ്വകാര്യ കോളജില്‍ ജോലി: ജേക്കബ് തോമസിനെതിരേ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: സര്‍വീസ് ചട്ടം ലംഘിച്ച് സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയെന്ന ആരോപണത്തില്‍ ഡിജിപി ജേക്കബ് തോമസിനെതിരേ ശക്തമായ നടപടിക്ക് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമാണ് ശുപാര്‍ശ നല്‍കിയത്.
ജേക്കബ് തോമസിനെതിരേ തരംതാഴ്ത്തലോ സസ്‌പെന്‍ഷനോ വേണമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്. നേരത്തെ, കാരണം കാണിക്കല്‍ നോട്ടീസിനു ഡിജിപി ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്കു വിശദീകരണം നല്‍കിയിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചാണ് താന്‍ പഠിപ്പിക്കാന്‍ പോയതെന്നായിരുന്നു ജേക്കബ് തോമസിന്റെ വിശദീകരണം. താന്‍ ചെയ്തത് സല്‍കര്‍മ്മമാണ്. വാങ്ങിയ ശമ്പളം തിരിച്ചുകൊടുത്ത സ്ഥിതിക്ക് ചെയ്തത് ഒരു തെറ്റായി കാണേണ്ടതില്ല. അതുകൊണ്ട് തന്നെ കുറ്റപ്പെടുത്തരുതെന്നും തനിക്കെതിരായ നടപടി അവസാനിപ്പിക്കണമെന്നും ചീഫ് സെക്രട്ടറിയോട് ഡിജിപി അഭ്യര്‍ഥിച്ചിരുന്നു.
എന്നാല്‍, ജേക്കബ് തോമസിന്റെ മറുപടി തള്ളിക്കൊണ്ടാണ് ചീഫ് സെക്രട്ടറിയുടെ പുതിയ ശുപാര്‍ശ. ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ എംഡിയായിരുന്നപ്പോള്‍, സ്വകാര്യകോളജില്‍ ജേക്കബ് തോമസ് ജോലി ചെയ്ത് മൂന്നുമാസത്തോളം ശമ്പളം വാങ്ങിയെന്നായിരുന്നു വിവാദം. ഇതിന്റെ പേരില്‍ ചീഫ് സെക്രട്ടറി അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് ജേക്കബ് തോമസ് ആദ്യം മറുപടി നല്‍കിയിരുന്നു. എന്നാല്‍, അത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ചീഫ് സെക്രട്ടറി നോട്ടീസ് അയക്കുകയായിരുന്നു. ഇതിന് നല്‍കിയ മറുപടിയാണ് ചീഫ് സെക്രട്ടറി വീണ്ടും തള്ളിയിരിക്കുന്നത്.
Next Story

RELATED STORIES

Share it