Flash News

സ്വകാര്യ കമ്പനി 6,000 ഏക്കര്‍ കൈവശം വച്ചെന്ന കേസ് : തുടര്‍ നടപടി ആവശ്യമില്ലെന്ന് വിജിലന്‍സ്



മൂവാറ്റുപുഴ: ഇടുക്കി പെരുവന്താനം പഞ്ചായത്തിലെ 6,000 ഏക്കര്‍ സ്ഥലം ടിആര്‍ ആന്റ് ടീ കമ്പനി അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്ന കേസില്‍ തുടര്‍ നടപടി ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന ത്വരിതാന്വേഷണ റിപോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഇടുക്കി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിയാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി അടൂര്‍ പ്രകാശ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വിശ്വാസ്‌മേത്ത, മുന്‍ എറണാകുളം ജില്ലാകലക്ടര്‍ എം ജി രാജമാണിക്യം, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എന്‍ പത്മകുമാര്‍, ഇടുക്കി ജില്ലാകലക്ടര്‍, പീരുമേട് തഹസില്‍ദാര്‍, ടിആര്‍ ആന്റ് ടിഇഎ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആര്‍ ശിവരാമ കൃഷ്ണ ശര്‍മ, ചെയര്‍മാന്‍ രാമകൃഷ്ണ ശര്‍മ എന്നിവരെ എതിര്‍കക്ഷികളാക്കി പത്തനംതിട്ട സ്വദേശി കിഴക്കേമുറി ദിലീപാണ് ഹരജി സമര്‍പ്പിച്ചിരുന്നത്. അനധികൃത ഭൂമി ഏറ്റെടുക്കുന്നതിനായി തിരുവനന്തപുരം ലാന്‍ഡ് റിസംപ്ഷന്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ഓഫിസറുടെ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ വിജിലന്‍സ് കേസിന്റെ ആവശ്യമില്ലെന്നും  ഇടുക്കി ക്രൈംബ്രാഞ്ച് ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും അന്വേഷണ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ബോധിപ്പിക്കുവാന്‍ കോടതി ഹരജിക്കാരനോട് ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ ഭാഗമായി എട്ടു സാക്ഷികളില്‍ നിന്നു വിജിലന്‍സ്  മൊഴിയെടുത്തിരുന്നു.കമ്പനികളുടെ പെരുവന്താനത്തുള്ള മണിക്കല്‍, കുപ്പക്കയം എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ട രേഖകള്‍, കാഞ്ഞിരപ്പിള്ളി, കോട്ടയം സബ് റജിസ്ട്രാര്‍ ഓഫിസുകള്‍, തിരുവനന്തപുരം സ്റ്റേ ലാന്‍ഡ് റിസംപ്ഷന്‍ ഓഫിസ് എന്നിവിടങ്ങളിലുള്ള രേഖകളും പരിശോധിച്ചു. വിജിലന്‍സ് റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ ശരിയല്ലെന്നും സര്‍ക്കാര്‍ഭൂമി വര്‍ഷങ്ങളായി കൈവശംവച്ച് അനധികൃത സമ്പാദ്യം ഉണ്ടാക്കുന്ന കമ്പനിക്കെതിരേ കേസെടുക്കണമെന്നും കാണിച്ച് ആക്ഷേപം ഫയല്‍ ചെയ്യുമെന്ന് ഹരജിക്കാരന്‍ പറഞ്ഞു. സ്വകാര്യ കമ്പനി സ്ഥലം കൈവശപ്പെടുത്തിയതിലൂടെ സര്‍ക്കാരിന് 12,000 കോടിയുടെ നഷ്ടമുണ്ടായെന്ന് കാണിച്ചാണ് ദിലീപ് ഹരജി നല്‍കിയിരുന്നത്.
Next Story

RELATED STORIES

Share it