wayanad local

സ്വകാര്യ ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍; ജാഗ്രത വേണമെന്നു നിര്‍ദേശം



കല്‍പ്പറ്റ: അക്ഷയകേന്ദ്രങ്ങളെ അനുകരിച്ചുള്ള സ്വകാര്യ ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ക്കെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ഐടി മിഷന്‍ ഡയറക്ടര്‍ ശീറാം സാംബശിവറാവു അറിയിച്ചു. ഇത്തരം കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമോ ഐടി മിഷന്റെ നിയന്ത്രണമോ ഇല്ല. തിരിച്ചറിയല്‍ രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ മുതലായവ സ്‌കാന്‍ ചെയ്ത് നല്‍കേണ്ട അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാന്‍ ഇത്തരം സ്വകാര്യ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുമ്പോള്‍ ഉപഭോക്താക്കളുടെ രേഖകള്‍ അന്യവ്യക്തികള്‍ അനധികൃതമായി ഉപയോഗപ്പെടുത്തിയതായി ഇന്റലിജന്‍സ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.  പൗരന്‍മാരുടെ രേഖകളുടെ സുരക്ഷിതത്വം, സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത എന്നിവയെ സാരമായി ബാധിക്കുന്നതിനാല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഐടി ഡയറക്ടര്‍ അറിയിച്ചു. നിലവില്‍ ഐടി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 66 അംഗീകൃത അക്ഷയകേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. അംഗീകൃത കേന്ദ്രങ്ങളുടെ വിശദ വിവരങ്ങള്‍ അക്ഷയയുടെ വെബ്‌സൈറ്റില്‍ ലഭിക്കും. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പൊതുജനങ്ങളുടെ അറിവിലേക്കായി അതത് സര്‍ക്കാര്‍ ഓഫിസുകളുടെ പരിധിയിലുള്ള അക്ഷയകേന്ദ്രങ്ങളുടെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വിവിധ സര്‍ക്കാര്‍ ഓഫിസുകളിലും പ്രദര്‍ശിപ്പിക്കും. സംസ്ഥാന ഐടി വകുപ്പിന്റെയും ജില്ലാ കലക്ടറുടെയും നിയന്ത്രണത്തിലുള്ള അക്ഷയകേന്ദ്രങ്ങളുടെ പേരും ലോഗോയും ദുരുപയോഗപ്പെടുത്തി പൊതുജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് അക്ഷയ ഡയറക്ടര്‍ അറിയിച്ചു. അക്ഷയകേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും സേവനങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04936 206265, 206267.
Next Story

RELATED STORIES

Share it