സ്വകാര്യ ഏജന്‍സികള്‍ പണം തട്ടുന്നതായി ആരോപണം

എ ആസിഫ് പണയില്‍

തൊടുപുഴ: സംസ്ഥാനത്തെ ചില ബാങ്ക് നിയമനങ്ങളില്‍ ഇടനിലക്കാരായി സ്വകാര്യ ഏജന്‍സികള്‍ പണംതട്ടുന്നതായി ആരോപണം. വിവിധ തസ്തികകളിലെ നിയമനങ്ങള്‍ക്കായി സംസ്ഥാനത്തെ ചില ബാങ്കുകള്‍ സ്വകാര്യ എജന്‍സികള്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ഇവര്‍ വന്‍തോതിലുള്ള ചുഷണങ്ങളാണു നടത്തുന്നത്. ജീവനക്കാര്‍ക്ക് ബാങ്ക് നല്‍കുന്ന ശമ്പളം സ്വകാര്യ ഏജസികളുടെ അക്കൗണ്ടിലേക്കാണെത്തുക.

ഇവര്‍ ജീവനക്കാര്‍ക്ക് പകുതിയോ അതില്‍ താഴെയോ മാത്രമാണു നല്‍കുന്നത്. സംസ്ഥാനത്തെ ബാങ്കുകളിലെ ഉന്നതപദവികളില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥരോ അവരുടെ ബിനാമികളോ ആണ് പല സ്വകാര്യ ഏജന്‍സികളുടെയും തലപ്പത്തിരിക്കുന്നത്. മാസത്തില്‍ ഒരു ദിവസം ലീവ് എടുത്താല്‍ അന്നത്തെ ശമ്പളം ഏജന്‍സികള്‍ പിടിക്കും. ഇത്തരത്തില്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങളൊന്നും കിട്ടാതെ 15-20 വര്‍ഷമായി വിവിധ ബാങ്കുകളിലായി ജോലിചെയ്യുന്ന 5000ഓളം പേര്‍ സംസ്ഥാനത്തുണ്ട്.

പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ, ഐ.ഒ.ബി. എന്നിവ ഓഫിസ് ബോയ്, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികയിലേക്കുള്ള നിയമനങ്ങളാണ് സ്വകാര്യ എജന്‍സിയെ ഏല്‍പ്പിച്ചത്. കനറാ ബാങ്കിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസുകളിലും ഇത്തരത്തിലുള്ള ചുഷണം നടക്കുന്നുണ്ട്. ബാങ്ക് ശുചീകരണ തൊഴിലാളിക്ക് പ്രതിമാസം 9500 രൂപ വീതമാണ് സ്വകാര്യ ഏജന്‍സിയുടെ അക്കൗണ്ടിലെത്തുന്നത്.

എന്നാല്‍, തൊഴിലാളിക്കു കിട്ടുന്നത് 4200 രൂപയാണ്. ധനലക്ഷ്മി ബാങ്ക് ഓഫിസര്‍, മാനേജര്‍, ക്ലറിക്കല്‍, ഓഫിസ് ബോയ്, ക്ലീനിങ് എന്നീ തസ്തികയിലേക്കും സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഫിസ് ബോയ്, ക്ലീനിങ് എന്നിവയിലും ഫെഡറല്‍ ബാങ്ക് ബാങ്കിങ് അഡൈ്വസര്‍ എന്നീ തസ്തികയിലും നിയമനം നടത്താന്‍ ഏജന്‍സികളെ ഏല്‍പ്പിക്കുന്നുണ്ട്. മാനേജര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ബാങ്ക് പ്രതിമാസം 20,000ലധികം രൂപ ശമ്പളമായി നല്‍കുമ്പോള്‍ ഏജന്‍സികള്‍ 10,000 രൂപയോ അതില്‍ താഴെയോ മാത്രമാണു നല്‍കുന്നത്.

വിവിധ ബാങ്കുകളില്‍ സേവനം അനുഷ്ഠിക്കുന്ന സെക്യൂരിറ്റി ജീവനക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇവര്‍ക്ക് ദിവസവേതനമായി 500 രൂപ ബാങ്ക് നല്‍കുമ്പോള്‍ 250ഉം അതില്‍ താഴെയുമാണ് ഏജന്‍സികള്‍ നല്‍കുന്നത്. ക്ലീന്‍ ആന്റ് ക്ലീന്‍ ഹൈജീന്‍, ഹൗസ് മാസ്റ്റര്‍, ഇന്‍ കെയര്‍, ഉമാ ഏജന്‍സി തുടങ്ങിയവയാണ് ബാങ്കിങ് മേഖലയില്‍ ചൂഷണം നടത്തുന്നതെന്ന് ഇതിനെതിരേ സമരം നടത്തുന്ന ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it