malappuram local

സ്വകാര്യ ആശുപത്രി പരസ്യങ്ങളില്‍ അഭിനയിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് വിലക്ക്‌

നഹാസ് എം നിസ്താര്‍
പെരിന്തല്‍മണ്ണ: ആശുപത്രി പരസ്യങ്ങളില്‍ രോഗികളെ ആകര്‍ഷിക്കാന്‍ ഡോക്ടര്‍മാര്‍ ഞെളിഞ്ഞിരുന്നാല്‍  പണി കിട്ടുമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനം ആശുപത്രികളുടെ പരസ്യ പ്രചരണങ്ങള്‍ക്ക് തിരിച്ചടിയായി. സര്‍ക്കാര്‍ ആശുപത്രികളെ വെല്ലുന്ന സാങ്കേതിക മികവോടെ പ്രവര്‍ത്തിക്കുന്നതായി അവകാശപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ പുറത്തിറക്കുന്ന പ്രചരണ പരസ്യങ്ങളില്‍ നിന്നാണ് ഡോക്ടര്‍മാര്‍ക്ക് വിലക്ക്.
പല ആശുപത്രികളും ഡോക്ടര്‍മാരെ ശസ്ത്രക്രിയക്ക് തയ്യാറായി നില്‍ക്കുന്ന വേഷത്തിലും പരിശോധനാ വേഷത്തിലുമെല്ലാം പരസ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. സംസ്ഥാനത്തെസ്വകാര്യ ആശുപത്രികള്‍ തമ്മിലുള്ള കിടമല്‍സരത്തിന്റെ ഭാഗമായി വിദഗ്ദ ഡോക്ടര്‍മാരെ അധിക പണം നല്‍കുക വഴിയും ആശുപത്രിയില്‍ ചാര്‍ജെടുത്തതായി ഫോട്ടോ വഴി പ്രചരിപ്പിച്ചിരുന്നു.
രോഗികളെ പിടിക്കാന്‍ വിവിധ ആശുപത്രിക്കാര്‍  ഒരേ ഡോക്ടറുടെ ചിത്രം ഒരേ സമയം സേവനം നല്‍കുന്നുണ്ടെന്നും വരുത്താറുണ്ട്. ഇത്തരം പരസ്യങ്ങള്‍ കണ്ട് ചികില്‍സക്കെത്തുന്ന രോഗിക്ക് പലപ്പോഴും പരസ്യചിത്രത്തില്‍ കണ്ട ഡോക്ടറുടെ സേവനം ലഭിക്കാറില്ല.
കാന്‍സര്‍, ഹൃദയാഘാതം, കിഡ്‌നിമാറ്റിവെക്കല്‍, വന്ധ്യതാ ചികില്‍സകള്‍ തുടങ്ങി ചികില്‍സക്ക് ഭീമമായ ചെലവ് വരുന്ന രോഗികളെയാണ് ഇത്തരം പരസ്യം വഴി ആശുപത്രികള്‍ പ്രശസ്ത ഡോക്ടര്‍മാരുടെ ചിത്രം പരസ്യത്തില്‍ നല്‍കുക വഴി വശീകരിക്കുന്നത്. രോഗികളുടെ ഡോക്ടറിലുള്ള വിശ്വാസത്തെ ആശുപത്രിയിലേക്ക് എത്തിക്കുന്നതാണ് ഇത്തരം പരസ്യ രീതികള്‍. ഇതിനായി ലക്ഷങ്ങളാണ് ആശുപത്രികള്‍ പൊടിക്കുന്നത്.
ഇത്തരം പരസ്യങ്ങളില്‍ പ്രത്യക്ഷപെടുന്ന ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതടക്കമുള്ള നടപടി ഉണ്ടാവുമെന്നാണ് മോഡേണ്‍ മെഡിസിന്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ ആശുപത്രി പരസ്യങ്ങളില്‍ ഫോട്ടോ മറ്റു വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിയമ വിരുദ്ധമാണെന്ന് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ പറഞ്ഞു.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥക്ക് വിരുദ്ധമായി ഫോട്ടോ വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഡോക്ടര്‍മാര്‍ എത്രയും വേഗത്തില്‍ അത്തരം പരസ്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ കൗണ്‍സില്‍ സ്വമേധയാ നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ചു.  ഡോക്ടര്‍മാര്‍ അവരുടെ പേര് പ്രദര്‍ശിപ്പിച്ചു കൊണ്ട് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് പുറകില്‍ ചികില്‍സ മുറി ഒരുക്കരുതെന്ന നിയമത്തിന് പുറമെയാണ് പുതിയ വിലക്ക്.
Next Story

RELATED STORIES

Share it