സ്വകാര്യ ആശുപത്രിയിലെ പോക്കറ്റടി

അവകാശങ്ങള്‍  നിഷേധങ്ങള്‍ -  ബാബുരാജ് ബി എസ്
സ്വകാര്യ ആശുപത്രിയില്‍ തീവ്രചികില്‍സാവിഭാഗത്തിലെ കാത്തിരിപ്പിനിടയിലാണ് അവരെ പരിചയപ്പെട്ടത്. ഭാര്യയും ഭര്‍ത്താവും. ഭര്‍ത്താവിന്റെ അമ്മയാണ് ഐസിയുവില്‍ കഴിയുന്നത്. രണ്ടുപേരും മലയാളികള്‍. പക്ഷേ, സംസാരിക്കുമ്പോള്‍ തമിഴിന്റെ ചുവ തികട്ടിവരും. ഞാനും ഐസിയുവിനു മുന്നിലെ കാത്തിരിപ്പിലാണ്. എല്ലാ ആശുപത്രി കൂട്ടിരിപ്പുകാരെപ്പോലെ ഞങ്ങളും സൗഹൃദത്തിലായി. പാലക്കാട് പാറയിലാണു താമസം. മൂലകുടുംബം മധുക്കരയില്‍. സംസാരത്തിലെ തമിഴ് ചുവ അങ്ങനെ കിട്ടിയതാവണം. അമ്മയ്ക്ക് വലിയ അസുഖമൊന്നുമില്ലായിരുന്നു. തൃശൂരിലേക്ക് ഒരു യാത്ര വന്നതാണ്. പെട്ടെന്ന് തളര്‍ന്നുവീണു. അന്നുതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാന്‍ അവരെ കാണുമ്പോള്‍ ആശുപത്രിയിലെത്തിയിട്ട് 29 ദിവസമായി. അസുഖം കുറയുമ്പോള്‍ ഐസിയുവില്‍ നിന്ന് മുറിയിലേക്കു മാറ്റും. കൂടുമ്പോള്‍ തിരിച്ചും.
കൂട്ടിരിപ്പിന്റെ ബുദ്ധിമുട്ടുകളേക്കാള്‍ ആശുപത്രി ബില്ലിനെ കുറിച്ചാണ് അവരുടെ ആശങ്ക. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ നഴ്‌സുമാര്‍ പേനകൊണ്ട് കുത്തിക്കുറിച്ച ഒരു സ്ലിപ്പ് നല്‍കും. അതില്‍ 30,000ല്‍ കുറയാത്ത തുക എഴുതിയിരിക്കും. എല്ലാ ദിവസവും മരുന്നിന്റെ കുറിപ്പടിയും നല്‍കും. തുക 4000ല്‍ കുറയില്ല. ഐസിയുവിനു മുന്നില്‍ കൂട്ടിരിപ്പുകാര്‍ക്ക് വില്‍ക്കാന്‍ കൊണ്ടുവരുന്ന ചായക്ക് വേറെ സര്‍വീസ് ചാര്‍ജില്ലെങ്കിലും ഐസിയുവിലുള്ളവര്‍ക്ക് അതേ ഭക്ഷണത്തിന് സര്‍വീസ് ചാര്‍ജ് കൊടുക്കണം. കഞ്ഞിവെള്ളം പോലും വിലയേറിയ വിശിഷ്ട ഭോജ്യമാണ്.
സ്വകാര്യ ആശുപത്രികളിലെ ലളിതമായ ഒരു ചിത്രമാണു മുകളില്‍. ഓരോ ആശുപത്രിവാസവും രോഗികളിലും ബന്ധുക്കളിലും മരണഭീതിയേക്കാള്‍ ജീവിതഭീതിയാണു നിറയ്ക്കുക. ഇനിയുമൊരു ആശുപത്രിവാസം വേണ്ടിവന്നാല്‍ അതെങ്ങനെ നിവര്‍ത്തിക്കുമെന്ന ചോദ്യം ഭീതിവിതയ്ക്കും. ചികില്‍സാബില്ലുകള്‍, തുടര്‍ചികില്‍സയ്ക്കും മരുന്നിനും വേണ്ടിവരുന്ന ചെലവുകള്‍- ഇങ്ങനെ നൂറുചോദ്യങ്ങള്‍ക്കു മുന്നില്‍ അവര്‍ പകച്ചുനില്‍ക്കും.
സ്വകാര്യമേഖലയിലെ ചികില്‍സ അവിശ്വസനീയമാംവണ്ണം ചെലവേറിയതാണ്. സൂചി മുതല്‍ ഗ്ലൗസില്‍ വരെ തട്ടിപ്പാണ്. മരുന്ന്, മറ്റ് അനുബന്ധ വസ്തുക്കള്‍, ലാബ് ടെസ്റ്റ് എന്നിവയില്‍ നിന്നു മാത്രമായി സ്വകാര്യ ആശുപത്രികളുടെ ലാഭം 1,737 ശതമാനമാണെന്ന് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ പഠനത്തില്‍ പറയുന്നു. ഏതു രോഗിയുടെയും ആശുപത്രി ചെലവില്‍ 46 ശതമാനവും ഈ മൂന്നെണ്ണത്തില്‍ നിന്നാണ്. ഡല്‍ഹിയിലെ നാല് ആശുപത്രികളെയാണ് അവര്‍ പഠിച്ചത്.
ലാഭം വര്‍ധിപ്പിക്കാനായി ആശുപത്രികള്‍ മരുന്നുല്‍പാദകരുമായി ഒത്തുകളിക്കുന്നുവെന്നും പഠനം കണ്ടെത്തി. ആശുപത്രിക്കാര്‍ ആവശ്യപ്പെടുന്ന എംആര്‍പിയാണ് കമ്പനികള്‍ മരുന്നുകളില്‍ രേഖപ്പെടുത്തുന്നത്. അതായത് വിവിധ ആശുപത്രികളില്‍ ഒരേ മരുന്നിന് പല വില. മഹാരാഷ്ട്രയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ഡെങ്കി വന്നു മരിച്ച ഏഴുവയസ്സുകാരിയുടെ ബില്ല് പരിശോധിച്ച പ്രൈസിങ് അതോറിറ്റി, ബില്ല് ഊതിപ്പെരുപ്പിച്ചതാണെന്നു കണ്ടെത്തി. വില കുറഞ്ഞ മരുന്നുകള്‍ വിപണിയിലുണ്ടായിട്ടും വില കൂടിയ ബ്രാന്റുകളാണ് ഡോക്ടര്‍മാര്‍ എഴുതിക്കൊടുത്തത്. അഞ്ചുരൂപ വില വരുന്ന സിറിഞ്ചിന് 106 രൂപ ഈടാക്കിയിരിക്കുന്നു.
വില കൂടുതലുള്ള മരുന്നുകള്‍ മാത്രമല്ല, അനാവശ്യ മരുന്നുകളുടെയും ടെസ്റ്റുകളുടെയും ഉപയോഗവും പ്രശ്‌നമാണ്. വില കൂടിയ ഉപകരണങ്ങള്‍ രോഗികളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്നു.
ആശുപത്രിയിലെ കൈയേറ്റങ്ങള്‍ നിയന്ത്രിക്കാനെന്ന പേരില്‍ ഒരു നിയമം നമുക്കുണ്ടെങ്കിലും ആശുപത്രിക്കാരുടെ കഴുത്തറക്കല്‍ ഇല്ലാതാക്കാന്‍ ഒരു നിയന്ത്രണവും സര്‍ക്കാരുകള്‍ കൊണ്ടുവന്നിട്ടില്ല. പ്രത്യേകിച്ചും ആരോഗ്യമേഖലയില്‍ സിംഹഭാഗവും (63 ശതമാനം) കൈയടക്കുന്നത് സ്വകാര്യമേഖലയായ സാഹചര്യത്തില്‍. തകര്‍ന്നുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ആരോഗ്യമേഖല പ്രശ്‌നം വഷളാക്കുകയും ചെയ്തിരിക്കുന്നു.
നഴ്‌സുമാരുടെ പുതുക്കിയ ശമ്പളം മറ്റൊരു പ്രതിസന്ധിയാണ്. കിടക്കയുടെ എണ്ണമനുസരിച്ച് 20,000 മുതലാണു വര്‍ധന. നീതിപൂര്‍വകമായ ഈ തീരുമാനം പക്ഷേ, രോഗികള്‍ക്ക് ഇരുട്ടടിയാവും. വര്‍ധന മുഴുവന്‍ രോഗികളുടെ ബില്ലില്‍ പ്രതിഫലിക്കാനാണു സാധ്യത. ചുരുക്കത്തില്‍ രോഗികളുടെ കീശ വീണ്ടും കാലിയാവും.
ഇതെങ്ങനെ പരിഹരിക്കും? നാം അഭിമുഖീകരിക്കുന്ന ചോദ്യമാണിത്. സര്‍ക്കാര്‍ ആരോഗ്യമേഖല ശക്തിപ്പെടുത്തി സ്വകാര്യ മേഖലയുടെ ഡിമാന്‍ഡ് കുറയ്ക്കുകയല്ലാതെ മറ്റൊരു വഴിയും നമുക്കു മുന്നിലില്ല; ഒപ്പം മരുന്നുകമ്പനികള്‍ക്കു വേണ്ടി കുറിപ്പടിയെഴുതി കിമ്പളം പറ്റുന്ന ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയെടുക്കുകയും. അല്ലെങ്കില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ ചികില്‍സിച്ച് നശിച്ച വലിയൊരു തലമുറയെ നമുക്കു കാണേണ്ടിവരും.        ി
Next Story

RELATED STORIES

Share it