thiruvananthapuram local

സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള നീക്കം; അപര്യാപ്തതയില്‍ വീര്‍പ്പുമുട്ടി കാട്ടാക്കട ആശുപത്രി

തിരുവനന്തപുരം: താലൂക്ക് ആസ്ഥാനത്തെ സാമൂഹികാരോഗ്യകേന്ദ്രത്തിന് അവഗണന. നൂറുകണക്കിനാളുകള്‍ ചികില്‍സ തേടുന്ന പേരില്‍ മാത്രമൊതുങ്ങുന്ന സാമൂഹികാരോഗ്യകേന്ദ്രം ഇപ്പോഴും പ്രാഥമികാരോഗ്യകേന്ദ്രമായാണ് പ്രവര്‍ത്തനം. ജീവനക്കാരുടെ അഭാവവും അടിസ്ഥാനസൗകര്യ വികസനത്തിന്റെ അപര്യാപ്തതയും ആശുപത്രി പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നു.
പട്ടണത്തിലാണ് ആശുപത്രി സ്ഥിതിചെയ്യുന്നത്. സാങ്കേതികമായി അരുവിക്കര നിയോജകമണ്ഡലത്തിലെ പൂവച്ചല്‍ പഞ്ചായത്തില്‍. ഇതാണ് ആശുപത്രി വികസനം മുരടിക്കാന്‍ കാരണമെന്നാണ് ആക്ഷേപം.
താലൂക്ക് ആസ്ഥാനമായി കാട്ടാക്കട ഉയര്‍ന്നപ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുമെന്നായിരുന്നു പ്രതീക്ഷ. ഇതിനായുള്ള ശ്രമങ്ങള്‍ അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ നടത്തിയിരുന്നു. പക്ഷേ, സര്‍ക്കാര്‍ ഇതിനോടു കാര്യമായി പ്രതികരിച്ചില്ല. താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനങ്ങള്‍ പലവട്ടം വന്നതല്ലാതെ ഇതിനുള്ള ആത്മാര്‍ഥശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഒരു മെഡിക്കല്‍ ഓഫിസറും രണ്ട് എന്‍ആര്‍എച്ച്എം ഡോക്ടറുമാണുള്ളത്. കിടത്തിച്ചികില്‍സയുള്ള ഇവിടെ രാത്രിയായാല്‍ ഡോക്ടര്‍ സേവനം പലപ്പോഴും ലഭിക്കാറില്ല. അത്യാഹിതത്തില്‍പ്പെട്ടു വരുന്നവര്‍ക്കു കിലോമീറ്ററുകള്‍ താണ്ടി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ സാമൂഹികാരോഗ്യകേന്ദ്രമാക്കി. ഇതു പേപ്പറില്‍ മാത്രം ഒതുങ്ങി.
ഇതനുസരിച്ചുള്ള ജീവനക്കാരെ നിയോഗിക്കാന്‍ തയ്യാറായില്ല. ഇതോടൊപ്പം സാമൂഹികാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയ സമീപ പഞ്ചായത്തുകളിലെ ആശുപത്രികളില്‍ ചിലത് ഇപ്പോള്‍ താലൂക്ക് ആശുപത്രിപദവിയിലെത്തി.
കാട്ടാക്കടയോടുള്ള ചിറ്റമ്മനയവും സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള ഭരണ-രാഷ്ട്രീയനേതൃത്വങ്ങളിലെ ചിലരുടെ അമിത ഉല്‍സാഹവുമാണ് കാട്ടാക്കട ആശുപത്രിയെ ഈ അവസ്ഥയിലെത്തിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റിലെങ്കിലും ആശുപത്രി നവീകരണത്തിനുള്ള നടപടിയുണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
Next Story

RELATED STORIES

Share it