സ്വകാര്യ ആശുപത്രികളുടെ പ്രലോഭനങ്ങള്‍ക്ക് വശംവദരാവരുത്: മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: കൊച്ചി കാന്‍സര്‍ സെന്റര്‍ തുടങ്ങാതിരിക്കാന്‍ സ്വകാര്യ ആശുപത്രി ഉടമകളില്‍ നിന്ന് പ്രലോഭനങ്ങളുണ്ടെങ്കില്‍ ആരോഗ്യവകുപ്പ് അതിന് വശംവദരാവരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി. കൊച്ചി കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം ആര്‍സിസിയെ പോലെ വലിയൊരു സ്ഥാപനമാവണമെന്ന മുഖ്യമന്ത്രിയുടെ ആഗ്രഹത്തിന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കരുതെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മൂവ്‌മെന്റിനു വേണ്ടി പ്രഫ. എം കെ സാനു, കെ ആര്‍ വിശ്വംഭരന്‍, ഡോ. എന്‍ കെ സനില്‍കുമാര്‍, ജസ്റ്റിസ് പി ഷംസുദ്ദീന്‍, പി രാമചന്ദ്രന്‍, സി ജി രാജഗോപാല്‍, കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രഹ്മണ്യന്‍, അഡ്വ. ടി ബി മിനി എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കാന്‍സര്‍ സെന്റര്‍ തുടങ്ങാനുള്ള സഹായത്തിനായി പരാതിക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കണം. കാന്‍സര്‍ സെന്ററിന് സംഭാവന നല്‍കാന്‍ തയ്യാറാവുന്നവര്‍ക്ക് ആദായനികുതി ഇളവ് ലഭിക്കാനുള്ള നടപടി കാന്‍സര്‍ സൊസൈറ്റി സ്വീകരിക്കണം. കൊച്ചി കാന്‍സര്‍ സെന്ററിന് കോഴിക്കോട് കേന്ദ്രത്തിന് ലഭിച്ചതുപോലെ കേന്ദ്ര സഹായം ലഭിക്കില്ലെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ആശാ തോമസ് കമ്മീഷനെ അറിയിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കത്ത് ഹാജരാക്കിയില്ല.
മെഡിക്കല്‍, ജനറല്‍ ആശുപത്രികളില്‍ കാന്‍സര്‍ ചികില്‍സാ സൗകര്യം ഉണ്ടെന്നാണ് സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചത്. എങ്കില്‍ മെഡിക്കല്‍ കോളജുള്ള സ്ഥലത്ത് റീജ്യനല്‍ കാന്‍സര്‍ സെന്റര്‍ എന്തിനാണെന്ന് പരാതിക്കാര്‍ ചോദിക്കുന്നു. റേഡിയേഷനുള്ള സൗകര്യം തുടങ്ങുന്നതിനു മുമ്പ് കീമോ തെറാപ്പി ചെയ്യുന്നതിനുള്ള സൗകര്യങ്ങളും കിടത്തി ചികില്‍സയും ഒന്നാംഘട്ടത്തില്‍ ചെയ്യാനാവുമോ എന്ന് കാന്‍സര്‍ സൊസൈറ്റി തീരുമാനിക്കണമെന്ന് കമ്മീഷന്‍ നടപടിക്രമത്തില്‍ ആവശ്യപ്പെട്ടു.
ഒ പി എന്ന് പ്രവര്‍ത്തനം തുടങ്ങുമെന്നും എത്ര ഡോക്ടര്‍മാരെ നിയമിച്ചെന്നും സര്‍ക്കാര്‍ കമ്മീഷനെ അറിയിക്കണം. അന്തരിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ കാന്‍സര്‍ സെന്റര്‍ എന്ന വാഗ്ദാനം പാലിക്കണമെന്നും ജസ്റ്റിസ് ജെ ബി കോശി നടപടിക്രമത്തില്‍ ചൂണ്ടിക്കാണിച്ചു. ഇതു സംബന്ധിച്ച വിശദീകരണം ഏപ്രില്‍ 22ന് രാവിലെ 11ന് കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ ഹാജരാക്കണം.
Next Story

RELATED STORIES

Share it