Flash News

സ്വകാര്യ ആശുപത്രികളിലെ ഫീസ് സര്‍ക്കാര്‍ നിശ്ചയിക്കണം : മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം



കൊച്ചി: സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ഫീസ് സര്‍ക്കാര്‍തലത്തില്‍ തീരുമാനിക്കുന്നതിനെക്കുറിച്ച് പഠിക്കാനായി വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യസ്ഥാപനങ്ങളും വിദഗ്ധസമിതിയുടെ നിര്‍ദേശാനുസരണം സര്‍ക്കാര്‍ തീരുമാനിക്കുന്ന ചികില്‍സാഫീസ് അംഗീകരിക്കണം. സംസ്ഥാനത്ത് പുതിയ ആരോഗ്യനയം രൂപീകരിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രികള്‍ ചികില്‍സകള്‍ക്കായി അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. പാവപ്പെട്ട രോഗികള്‍ ലക്ഷക്കണക്കിന് രൂപ യാതൊരു അടിസ്ഥാനവുമില്ലാതെ സ്വകാര്യ ആശുപത്രികളില്‍ ചെലവാക്കുന്നതായി കമ്മീഷന്‍ നിരീക്ഷിച്ചു. രോഗികളുടെ സാമ്പത്തികനില കണക്കിലെടുക്കാതെ എല്ലാവര്‍ക്കും മികച്ച ചികില്‍സ ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങളുടെ അപര്യാപ്തത മുതലെടുക്കുന്ന സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്ക്കു മുമ്പില്‍ മറ്റൊരു മാര്‍ഗവുമില്ലാതെ പാവപ്പെട്ടവരും മധ്യവര്‍ഗക്കാരും കീഴടങ്ങുകയാണ്. സ്വകാര്യമേഖലയിലെ ചികില്‍സാ ചെലവ് നിര്‍ണയിക്കാനും ഏകീകരിക്കാനും നിയമനിര്‍മാണത്തിലൂടെ സാധ്യമായിട്ടും കാഴ്ചക്കാരെപ്പോലെ നോക്കിനില്‍ക്കരുത്. ഈ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങള്‍ അനുസരിച്ച് അവയ്ക്ക് ക്ലാസിഫിക്കേഷന്‍ നല്‍കേണ്ടത് അത്യാവശ്യമാണെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഒാരോ ചികില്‍സയ്ക്കും സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് അംഗീകരിക്കാനും നടപ്പാക്കാനും സ്വകാര്യ ആശുപത്രികള്‍ക്ക് നിയമപരമായ ബാധ്യതയുണ്ട്. വിവിധതരം പരിശോധനകള്‍, രോഗിയെ പ്രവേശിപ്പിക്കുന്ന വാര്‍ഡിന്റെ നിരക്ക്, ഓപറേഷന്‍ നിരക്കുകള്‍, തീവ്രപരിചരണവിഭാഗം, വെന്റിലേറ്റര്‍, അവയവം മാറ്റിവയ്ക്കല്‍, ഡോക്ടറുടെ ഫീസ് എന്നിവയ്ക്ക് മിതമായ നിരക്കില്‍ പാക്കേജ് ഏര്‍പ്പെടുത്തണം. ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും വിദഗ്ധസമിതിയെ നിയോഗിക്കണം. വിദഗ്ധസമിതി സമയപരിധി നിശ്ചയിച്ച് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കണം. നിയമനിര്‍മാണം ആവശ്യമാണെങ്കില്‍ പരിഗണിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും കമ്മീഷന്‍ ഉത്തരവ് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. സെക്രട്ടറിമാര്‍ ആഗസ്ത് 29ന് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരണം ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it