Idukki local

സ്വകാര്യവ്യക്തിയുടെ നിര്‍മാണം പൊളിച്ചുമാറ്റി; ദേശീയപാതയുടെ വികസന ജോലികള്‍ തുടങ്ങി

വണ്ടിപ്പെരിയാര്‍: ദേശീയപാത വികസനത്തിനു തടസമായി നിന്ന സ്വകാര്യവ്യക്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചുമാറ്റി പണികള്‍ ആരംഭിച്ചു. 63ാം മൈലില്‍ പ്രവര്‍ത്തിക്കുന്ന പാലകുന്നേല്‍ ഫാം ഹൗസ് എന്ന പേരിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ദേശീയപാതയുടെ റോഡ് വികസനത്തിനായി നീക്കിയത്.
ദേശീയപാത 183ല്‍ കുമളി മുതല്‍ വണ്ടിപ്പെരിയാര്‍ വരെയുള്ള 14 കിലോ മീറ്റര്‍ ദൂരം വീതി കൂട്ടുന്ന പണികളാണ് നടക്കുന്നത്. കൊടുംവളവുകള്‍ നിവര്‍ത്തി സംരക്ഷണഭിത്തി കെട്ടി റോഡിനു വീതി കൂട്ടുകയാണ് ചെയ്യുന്നത്.ഇതിനിടെ 63ാം മൈലിലെ കൊടുംവളവ് നിവര്‍ത്താന്‍ ദേശീയപാത അധികൃതര്‍ സ്ഥലം വിട്ടു നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഉടമ തയ്യാറയില്ല.ദേശീയ പാതയോട് ചേര്‍ന്ന തോടിനോട് സമീപത്തെ സ്ഥലം താന്‍ വിലയ്ക്ക് വാങ്ങിയതാണെന്നും കൈവശ ഭൂമിയാണെന്നും പറഞ്ഞതോടെ പണികള്‍ക്ക് തടസമായി. വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും ഇടപെട്ട് പ്രശ്‌ന പരിഹാരത്തിനു ശ്രമം നടത്തി.സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുന്നതിനായി എക്‌സകവേറ്റര്‍ ഇറക്കുന്നത് തടസപ്പെടുത്തി ഇദ്ദേഹം നിലകൊണ്ടെങ്കിലും മധ്യസ്ഥ ചര്‍ച്ചയിലൂടെ ഉടമയെ അനുനയിപ്പിച്ച് പണികള്‍ തുടരാന്‍ ധാരണയാവുകയായിരുന്നു.
66ാം മൈല്‍ വില്ലേജ് മുതലുള്ള റോഡ് വീതി കൂട്ടുന്നതിനു 8 കോടി 80 ലക്ഷം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. 65ാം മൈല്‍ ഭാഗത്തുള്ള പാലം ഉള്‍പ്പെടെയുള്ള പണികള്‍ ദ്രുതഗതിയിലാണ് നടക്കുന്നത്.
പെരിയാര്‍ മുതല്‍ കുമളി വരെയുള്ള റോഡ് വീതി വളരെ കുറവാണ്. ശബരിമല മണ്ഡല കാലത്തും വിനോദ സഞ്ചാര കേന്ദ്രമായ തേക്കടി സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ അപകടവും പതിവാകുന്നു. 63ാം മൈല്‍ കൊടുംവളവില്‍ വീതി കൂട്ടുന്ന പണികളാണ് പുരോഗമിക്കുന്നത്.
Next Story

RELATED STORIES

Share it