palakkad local

സ്വകാര്യബസ് സര്‍വീസ് നിര്‍ത്തിവച്ചു; യാത്രക്കാര്‍ ദുരിതത്തില്‍

പിരായിരി: പാലക്കാട്-പൂടൂര്‍ റോഡില്‍ കാണിക്കമാതക്കുസമീപം ബൈപാസ് ജങ്ഷനില്‍ റോഡ് പണി നടത്തുന്നതിനാല്‍ ഇതുവഴിയുള്ള ബസ് ഗതാഗതം നിര്‍ത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മാസങ്ങളായി തകര്‍ന്നു കിടന്ന റോഡില്‍ കുണ്ടുംകുഴിയും രൂപപ്പെട്ടതിനാല്‍ വാഹനയാത്ര ദുഷ്‌കരമായിരുന്നു. നേരത്തെ ബൈപാസ് റോഡിന്റെ ഒരു ഭാഗം പണിയെടുത്ത് റോഡ് പണി നിര്‍ത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും പ്രവൃത്തി ആരംഭിച്ചു. ജങ്ഷനിലെ മേഴ്‌സികോളജ് റോഡും മേപ്പറമ്പ് റോഡും സംഗമിക്കന്നിടത്തെ ഭാഗം പൂര്‍ണമായും വെട്ടിപ്പൊളിച്ച് ഇന്റര്‍ലോക് പാകുകയാണിപ്പോള്‍ നടക്കുന്നത്. പെട്രോള്‍ പമ്പിനു മുന്‍വശത്തെ ഡ്രൈനേജ് പണിയും നടക്കുന്നതിനാല്‍ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ കാണിക്കമാതാ ഭാഗത്തുനിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ അജ്ഞലി ഗാര്‍ഡന്‍ വഴിയും മേപ്പറമ്പ് ബൈപാസ് വഴി വരുന്ന വാഹനങ്ങള്‍  രാജീവ് നഗര്‍  കോളനി വഴിയുലൂടെയും പിരായിരി ഭാഗത്തേക്ക് കയറുന്നുണ്ട്. ദിവസങ്ങളായി ബസുകള്‍ സര്‍വീസ് നടത്താത്തതിനാല്‍ ആയിരക്കണക്കിനു യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. പാലക്കാട് നിന്നും കോട്ടായി, തച്ചങ്കാട്, പെരിങ്ങോട്ടുകുര്‍ശ്ശി ഭാഗത്തേക്കുള്ളവര്‍ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ നട്ടം തിരിയുകയാണിപ്പോള്‍. ബസുകളില്ലാത്തതിനാല്‍ സാധാരണക്കാരായ ജനങ്ങള്‍ ഓട്ടോക്കാര്‍ പറയുന്ന നിരക്ക് നല്‍കി യാത്ര ചെയ്യേണ്ട ഗതികേടിലാണ്. ഈ വഴിയുള്ള ഗതാഗതം 12 വരെ നിരോധിച്ചിട്ടുണ്ടെന്ന് അറിയിപ്പുണ്ടെങ്കിലും പണി എന്നു കഴിയുമെന്നത് ജനങ്ങളെ ആശങ്കപ്പെടുത്തുകയാണ്. റോഡ് പണിക്കായി ജങ്ഷന്‍ പൂര്‍ണമായും അടക്കുന്നതിനു പകരം ഒരു വഴിക്ക് ഗതാഗതം സാധ്യമാക്കി പണി നടത്തുകയാണെങ്കില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താനാകുമെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. പാലക്കാട് നിന്നും  കൊടുന്തിരപ്പുള്ളി എംഎല്‍എ റോഡ് വഴി കല്ലേക്കാട്ടേക്ക് സര്‍വീസ് നടത്തുന്ന മിനി ബസ് മാത്രമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പിരായിരി വഴി സര്‍വീസ് നടത്തുന്നത്.
Next Story

RELATED STORIES

Share it