World

സ്വകാര്യത ചോര്‍ത്തല്‍: നിയമം കര്‍ക്കശമാക്കാനൊരുങ്ങി ഇയു

ലണ്ടന്‍: അരക്കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ഫേസ്ബുക്കിന് ശക്തമായ നിയന്ത്രണമേര്‍പ്പെടുന്ന സ്വകാര്യതാ നിയമം കര്‍ക്കശമാക്കി യൂറോപ്യന്‍ യൂനിയന്‍. ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റഗുലേഷന്‍ എന്ന നിയമം ഇത്തരത്തിലുള്ള വിവരം ചോര്‍ത്തല്‍ ശക്തമായി തടയും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ യൂറോപ്യന്‍ ഉപഭോക്താക്കള്‍ക്ക്് ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന വന്‍കിട ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.
മാത്രമല്ല, നിയമവ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ കമ്പനി ഒരു വര്‍ഷത്തെ മൊത്തം വരുമാനത്തിന്റെ നാലു ശതമാനം നഷ്ടപരിഹാരം നല്‍കുകയും ചെയ്യേണ്ടിവരും. മെയ് 25നായിരിക്കും ഈ നിയമം പ്രാബല്യത്തില്‍ വരുകയെന്നും ഓസ്ട്രിയന്‍ പ്രതിനിധി മാക്‌സ് ഷ്രേംസ് അറിയിച്ചു.
വാര്‍ത്തകള്‍ക്കു പിന്നാലെ ഫേസ്ബുക്കിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഫേസ്ബുക്ക് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. കമ്പനിയുടെ വിപണി മൂല്യത്തിലും 537 ബില്യണ്‍ ഡോളറില്‍ നിന്നു 494 ബില്യണ്‍ ഡോളറിലേക്കുള്ള ഇടിവുണ്ടായി. 500 കോടി ഡോളറാണ് ഈയൊരൊറ്റ സംഭവവികാസം കൊണ്ട് ഫേസ്ബുക്കിന് നഷ്ടമായത്.
ഇതിനിടെ, ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് വാട്‌സ്ആപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്റ്റന്‍ രംഗത്തെത്തിയതായി വിദേശ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ബ്രിട്ടിഷ് വിദ്യാഭ്യാസവിദഗ്ധനായ അലക്‌സാണ്ടര്‍ കോഗം ഉണ്ടാക്കിയ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത 2.7 ലക്ഷം പേരുടെ വിവരമാണ് ചോര്‍ന്നതെന്ന് ഫേസ്ബുക്ക് പറയുന്നു. ഇവരുടെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ വിവരങ്ങളും ചോര്‍ന്നു. ഫേസ്ബുക്കിന്റെ നയങ്ങള്‍ ലംഘിച്ച് കോഗം കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കു വിവരം കൈമാറിയെന്നായിരുന്നു ഫേസ്ബുക്കിന്റെ ആരോപണം.
Next Story

RELATED STORIES

Share it