palakkad local

സ്റ്റോപ്പ് മെമ്മോ ലംഘിച്ചു വയലില്‍ വീട് നിര്‍മാണം; സാധനസാമഗ്രികള്‍ പിടിച്ചെടുത്തു; തൊഴിലാളികളെ മുന്നറിയിപ്പ് നല്‍കി തിരിച്ചയച്ചു

ആനക്കര: വിലക്കുലംഘിച്ച് കെട്ടിടനിര്‍മാണം നടത്തിയതിനെത്തുടര്‍ന്നു സാധനസമഗ്രികള്‍ റവന്യവകുപ്പ് പിടിച്ചെടുത്തു. ആനക്കര വില്ലേജിലെ കൂടല്ലൂര്‍ ചോലയില്‍ റംലയുടെ ഉടമസ്ഥതയിലുള്ള വയലിടത്തിലാണ് റവന്യൂവകുപ്പ് സാമഗ്രികള്‍ പിടിച്ചെടുത്തത്.
നേരത്തെ തണ്ണീര്‍ത്തട നിയമം കാറ്റില്‍ പറത്തി വയല്‍ നികത്തി വീട് നിര്‍മിക്കുന്നതിനെതിരെ ഇവര്‍ക്കു സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ നിരോധനം അവഗണിച്ച് തിരഞ്ഞെടുപ്പിന്റെ മറവിലാണ് വീട് കെട്ടി പൊക്കിയത്. തുടര്‍ന്ന് പട്ടാമ്പി തഹസില്‍ദാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കോണ്‍ക്രീറ്റ് ആവശ്യത്തിനായി കൊണ്ടുവന്ന ഒരുലോഡ് വാര്‍ക്കകമ്പികളും അനുബന്ധസാധനങ്ങളും കസ്റ്റഡിയിലെടുത്തത്. റംലയുടെ ഭര്‍ത്താവിന്റെ പേരില്‍ നിരവധി സ്ഥലങ്ങളും കെട്ടിടങ്ങളും ഉളളതായി കണ്ടെത്തിയതായി റവന്യൂ അധികാരികള്‍ അറിയിച്ചു. വിലക്കു ലംഘിച്ചുള്ള പ്രവര്‍ത്തിക്കെത്തിയ തൊഴിലാളികളെ അറസ്റ്റുചെയ്യാന്‍ വരെ ഈ വകുപ്പില്‍ നിയമമുണ്ട്. എന്നാല്‍ മുന്നറിയിപ്പെന്ന നിലയില്‍ അവരെ പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്നാണ് സാധനങ്ങള്‍ റവന്യു അധീനതയില്‍ സൂക്ഷിക്കുന്നത്.
അടുത്തദിവസം ചുമരും മറ്റും പൊളിക്കുകയും നികത്തിയ മണ്ണ് നീക്കം ചെയ്യുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. പട്ടാമ്പി തഹസില്‍ദാര്‍ ജയരാജന്‍, ഡപ്യട്ടി തഹസില്‍ദാര്‍ ടി.പി.കിഷോര്‍, സുരേഷ്, ആനക്കര വില്ലേജ് ഓഫിസര്‍ സി ആര്‍ മോഹനന്‍ തുടങ്ങയവരും തൃത്താല എസ് ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും നടപടിക്കുണ്ടായിരുന്നു.
Next Story

RELATED STORIES

Share it