malappuram local

സ്റ്റോപ്പ്‌മെമ്മോ നല്‍കിയ വയല്‍ വീണ്ടും മണ്ണിട്ടുനികത്തി

എടപ്പാള്‍: സംസ്ഥാന ഭരണത്തിന്റെ തണലില്‍ സിപിഎം നേതാവിന്റെ ബന്ധു അനധികൃതമായി വയല്‍നികത്തുന്നു. നേരത്തെ വയല്‍നികത്തല്‍ ആരംഭിച്ചപ്പോള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയ കൃഷിഭൂമിയിലാണ് ഇടവേളയ്ക്കുശേഷം വീണ്ടും മണ്ണിട്ടുനികത്തുന്നത്. സിപിഎം ജില്ലാ കമ്മിറ്റിയംഗവും കര്‍ഷക സംഘം ജില്ലാ നേതാവുമായ വ്യക്തിയുടെ മകളുടെ ഭര്‍ത്താവാണ് എടപ്പാള്‍ റയ്്ഹാന്‍ കണ്ണാശുപത്രിക്കു താഴെയുള്ള വയല്‍ നികത്തിക്കൊണ്ടിരിക്കുന്നത്.ഒരേക്കറോളം വരുന്ന സ്ഥലത്ത് മതില്‍ നിര്‍മിച്ചാണ് അതിനകത്ത് രാത്രിയുടെ മറവില്‍ മണ്ണിട്ടുനികത്തുന്നത്. മുമ്പ് ഇതേ സ്ഥലം മണ്ണിട്ടുനികത്തുന്നതിനെതിരേ വിവിധ കര്‍ഷക സംഘടനകളും നാട്ടുകാരും രംഗത്തുവന്നിരുന്നു. ഇവര്‍ വില്ലേജ് അധികൃതര്‍ക്കു നല്‍കിയ പരാതിയെ തുടര്‍ന്ന് വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് ഉടമയ്ക്കു സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ റവന്യൂ ഉദ്യോഗസ്ഥരെല്ലാം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട തക്കം നോക്കിയാണ് നികത്തല്‍ നടക്കുന്നത്.വളരെ കുറഞ്ഞ വിലകൊടുത്ത് വാങ്ങുന്ന നെല്‍വയലുകളിലാണ് മണ്ണിട്ടു നികത്തി തെങ്ങും വാഴയും കൊണ്ടുവന്ന് വച്ച് വന്‍ വിലയ്ക്കു വില്‍ക്കുന്നത്. ഭരണ സ്വാധീനമുപയോഗിച്ച് ഉദ്യോഗസ്ഥരെ നിഷ്‌ക്രിയരാക്കി നടത്തുന്ന ഇത്തരം വയല്‍നികത്തലിനെതിരേ ശക്തമായ പ്രക്ഷോഭത്തിനിറങ്ങാനുള്ള ശ്രമത്തിലാണ് കര്‍ഷകരും നാട്ടുകാരും.



Next Story

RELATED STORIES

Share it