Flash News

സ്റ്റേ ഇല്ല

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: എസ്‌സി, എസ്ടി (അതിക്രമം തടയല്‍) നിയമത്തിലെ വ്യവസ്ഥകള്‍ ദുര്‍ബലപ്പെടുത്തി കഴിഞ്ഞമാസം പുറപ്പെടുവിച്ച ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. എന്നാല്‍, ഉത്തരവ് പുനപ്പരിശോധിക്കണോ വേണ്ടയോ എന്ന് 10 ദിവസത്തിനുശേഷം തീരുമാനിക്കാമെന്ന്  ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കോടതിവിധിക്കെതിരേ ദലിത് സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പുനപ്പരിശോധനാ ഹരജി ഫയല്‍ ചെയ്തത്.
എസ്‌സി, എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരം ലഭിക്കുന്ന പരാതികളില്‍ അറസ്റ്റിനു മുമ്പ് പ്രാഥമിക അന്വേഷണം നടത്തണമെന്ന സുപ്രിംകോടതിയുടെ മാര്‍ഗരേഖ, ഈ നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ദുര്‍ബലപ്പെടുത്തുന്നതാണെന്നാണ് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ കോടതിയില്‍ വാദിച്ചത്. എന്നാല്‍, ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കില്‍ കുറയാത്ത പോലിസ് ഉദ്യോഗസ്ഥന്‍ ഏഴു ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തി പരാതി വ്യാജമല്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് മാര്‍ഗരേഖ പറയുന്നതെന്നും അത് നിയമത്തെ ദുര്‍ബലപ്പെടുത്തുന്നില്ലെന്നുമാണ് ഇതിനു മറുപടിയായി ബെഞ്ചിലെ ജ. എ കെ ഗോയല്‍ പ്രതികരിച്ചത്.
ഉത്തരവ് എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് എതിരല്ലെന്നും നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതെന്നും കോടതി വ്യക്തമാക്കി. പരാതി ലഭിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കേസെടുക്കുന്നതിന് ഇപ്പോഴത്തെ മാര്‍ഗരേഖ തടസ്സമല്ല.  പരാതി നല്‍കുന്നവര്‍ക്കുള്ള അടിയന്തര നഷ്ടപരിഹാരം മാര്‍ഗരേഖ തടഞ്ഞിട്ടില്ല. അവശവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തെപ്പറ്റി കോടതിക്കു ബോധ്യമുണ്ട്. ഇപ്പോള്‍ തെരുവില്‍ പ്രക്ഷോഭം നടത്തുന്നവര്‍ കോടതിയുടെ ഉത്തരവ് വായിച്ചിട്ടുപോലുമില്ലാത്ത നിക്ഷിപ്ത താല്‍പര്യക്കാരാണെന്നും സുപ്രിംകോടതി പറഞ്ഞു.
വിധി ഭരണഘടനയുടെ 21ാം വകുപ്പിന്റെ ലംഘനമാണെന്നും നിയമം ഭേദഗതി ചെയ്താല്‍ നിയമം കൊണ്ടുവന്നതിന്റെ ഫലം ലഭിക്കില്ലെന്നും കേന്ദ്രം പുനപ്പരിശോധനാ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് അടിയന്തരമായി പരിഗണനയ്‌ക്കെടുക്കില്ലെന്ന് കഴിഞ്ഞദിവസം കോടതി നിലപാടെടുത്തെങ്കിലും ദലിത് സംഘടനകളുടെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ചീഫ് ജസ്റ്റിസ് മുമ്പാകെ അറ്റോര്‍ണി ജനറല്‍ കേസ് അടിയന്തരമായി മെന്‍ഷന്‍ ചെയ്യുകയായിരുന്നു.
സമൂഹത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ സംരക്ഷണത്തിനുള്ള നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതിന് തുല്യമാണ് കോടതിയുടെ നടപടിയെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ഉത്തരവ് അക്രമികള്‍ക്കു നിയമത്തിലുള്ള ഭയം കുറയ്ക്കാന്‍ ഇടയാക്കും. എന്നാല്‍, വ്യക്തമായ തെളിവില്ലാതെ ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടുകൂടാ എന്നു കോടതിക്ക് നിര്‍ബന്ധമുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. കേസില്‍ നേരത്തേ കക്ഷികളായ മഹാരാഷ്ട്ര സര്‍ക്കാരിന്റേതടക്കമുള്ള നിലപാടും കോടതി ഇന്നലെ ആരാഞ്ഞു. ഇന്നുതന്നെ മറുപടി നല്‍കാനാണ് കോടതിയുടെ നിര്‍ദേശം.
Next Story

RELATED STORIES

Share it