Editorial

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഞ്ഞിയില്‍ മണ്ണ് വീഴ്ത്തരുത്

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഏതാനും തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ക്ക് ഈ ബാങ്ക് ഈയിടെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പക്ഷേ, ഒരു കാര്യം ബാങ്ക് നിഷ്‌കര്‍ഷിക്കുന്നു: അപേക്ഷകര്‍ക്ക് വായ്പാ കുടിശ്ശിക പാടില്ല. വിദ്യാഭ്യാസവായ്പയടക്കം ഏതെങ്കിലും വായ്പ തിരിച്ചടയ്ക്കുന്നതില്‍ മുടക്കം വരുത്തിയവര്‍ പ്രസ്തുത ജോലികള്‍ക്ക് അപേക്ഷിക്കാന്‍ യോഗ്യരല്ലെന്നാണ് ബാങ്കിന്റെ വിജ്ഞാപനം.
പ്രത്യക്ഷത്തില്‍ കുഴപ്പമൊന്നും പറയാനാവാത്ത നിബന്ധനയാണിത്. ബാങ്ക് വായ്പ അടയ്ക്കുന്നതില്‍ ആളുകള്‍ വരുത്തുന്ന വീഴ്ച സൃഷ്ടിക്കുന്ന സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത്തരം കര്‍ക്കശമായ നിബന്ധനകള്‍ വേണ്ടതല്ലേ എന്നും തോന്നാം. എന്നാല്‍, ഈ നിബന്ധനയില്‍ ഒട്ടേറെ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട് എന്നതാണു വസ്തുത. പ്രധാനമായും അത് ബാധിക്കുന്നത് വിദ്യാഭ്യാസവായ്പയെടുത്ത് പഠനം പൂര്‍ത്തിയാക്കി ജോലി കാത്തിരിക്കുന്ന ആളുകളെയാണ്. ഭൂരിപക്ഷം വിദ്യാര്‍ഥികളും ഇന്നു പഠനം നടത്തുന്നത് വിദ്യാഭ്യാസവായ്പയെടുത്താണ്. ബാങ്കുകള്‍ ഉദാരമായ രീതിയില്‍ വായ്പ നല്‍കുന്നുമുണ്ട്. എന്നാല്‍, അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ വളരെ രൂക്ഷമായതിനാല്‍ ഇവരില്‍ വലിയൊരുവിഭാഗം ആളുകള്‍ക്ക് ജോലിയില്ല. ജോലിയില്ലാത്തതിനാല്‍ വിദ്യാഭ്യാസവായ്പ അടച്ചുതീര്‍ക്കാന്‍ അവര്‍ക്കു സാധിക്കുന്നുമില്ല. വായ്പ അടയ്ക്കുന്നതില്‍ കുടിശ്ശികയുണ്ടെങ്കില്‍ ജോലിയില്ല എന്നതാണ് നയമെങ്കില്‍ തൊഴില്‍രഹിതരായ ആളുകള്‍ക്ക് അവസരം നിഷേധിക്കുക എന്നായിരിക്കും അതിന്റെ നേര്‍ അര്‍ഥം.
ഇത് അനീതിയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ജോലി കിട്ടിയ ശേഷമാണ് വായ്പ അടച്ചുതീര്‍ക്കേണ്ടത്. ജോലിക്ക് അപേക്ഷിക്കാന്‍ തന്നെ അയോഗ്യരാക്കുകയാണെങ്കില്‍ അവര്‍ എങ്ങനെ കടം അടച്ചുതീര്‍ക്കും?
വിജയ് മല്യയെപ്പോലെയുള്ള വന്‍ വ്യവസായികള്‍ ശതകോടികള്‍ അടച്ചുതീര്‍ക്കാതിരിക്കുകയും എന്നിട്ടും ബാങ്കുടമകളോ സര്‍ക്കാരോ കാര്യമായ യാതൊരു നടപടിയും കൈക്കൊള്ളാതിരിക്കുകയും ചെയ്യുന്ന ഒരു രാജ്യത്താണ് ചെറിയ തുക വിദ്യാഭ്യാസവായ്പയെടുത്തവരുടെ കുടിശ്ശികയുടെ നേരെ അധികൃതര്‍ കര്‍ക്കശമായ സമീപനം പുലര്‍ത്തുന്നത്. ഇത് അപഹാസ്യമാണെന്നു മാത്രമല്ല, സാധാരണക്കാരുടെ നേരെയുള്ള വിവേചനവുമാണ്. വിജയ് മല്യയുടെ പാര്‍ലമെന്റംഗത്വത്തിന് യാതൊരു പോറലുമില്ല. അദ്ദേഹത്തിന്റെ വിസയും പാസ്‌പോര്‍ട്ടുമൊന്നും റദ്ദാക്കിയിട്ടില്ല. അതേപോലെ ബാങ്കുകളില്‍നിന്നു കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത കോര്‍പറേറ്റ് കുത്തകകളുടെ നേരെയും യാതൊരു നടപടിയുമില്ല. ആകപ്പാടെ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ കഞ്ഞിയില്‍ മണ്ണിടാന്‍ മാത്രമാണ് ശ്രമം. അതിനാല്‍ ഈ നീക്കത്തില്‍നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിന്തിരിയുക തന്നെ വേണം.
Next Story

RELATED STORIES

Share it