palakkad local

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാടുകാരെ കൊള്ളയടിക്കരുത് : ബെഫി



പാലക്കാട്: സര്‍വ്വീസ് ചാര്‍ജ്ജ് വര്‍ദ്ധനവിലൂടെ ഇടപാടുകാരെ കൊള്ളയടിക്കാനുള്ള നീക്കത്തില്‍ നിന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വാങ്ങണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പാലക്കാട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സ്വകാര്യ ബാങ്കുകളില്‍പ്പോലും കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ സര്‍വ്വീസ് ചാര്‍ജ്ജ് വര്‍ദ്ധനവിലൂടെ ഇടപാടുകാരെ ആട്ടിയകറ്റാനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്‌മെന്റ് ശ്രമിക്കുകയാണെന്ന് ജില്ലാ കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അസോസിയേറ്റ് ബാങ്കുകളെ കൂടി ലയിപ്പിച്ചപ്പോള്‍ ഉണ്ടായ ഇടപാടുകാരുടെ വര്‍ദ്ധനവ് കുറയ്ക്കാനാണ് ഇത്തരത്തില്‍ അമിതമായ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നത്. മാസത്തില്‍ നാലാം തവണ അക്കൗണ്ടിലേക്ക് പണമടച്ചാല്‍  57.50 സര്‍വ്വീസ് ചാര്‍ജ്ജായി നല്‍കണം. അത് മറ്റൊരു ശാഖയില്‍ നിന്നാണെങ്കില്‍ 115 രൂപയാണ് സര്‍വ്വീസ് ചാര്‍ജ്ജ്. സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ടുകളിലെയും കറന്റ് അക്കൗണ്ടുകളിലെയും മിനിമം ബാലന്‍സ് വര്‍ദ്ധിപ്പിക്കുകയും, അത്രയും പാലിക്കാത്ത പാവപ്പെട്ട ഇടപാടുകാരില്‍ നിന്നും വലിയതോതില്‍ പിഴ ഈടാക്കുകയുമാണ്. മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകല്‍ ക്ലോസ് ചെയ്യുമ്പോള്‍ 575 രൂപ പിഴയാണ് സ്റ്റേറ്റ് ബാങ്ക് ഈടാക്കുന്നത്. വലിയതോതില്‍ കിട്ടാക്കടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ലാഭക്ഷമത ഉയര്‍ത്താനായി ജനങ്ങളെ പിഴിയുന്ന സമീപനം ബാങ്ക് എടുക്കരുതെന്ന് ജില്ലാകമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിന്നാലെ മറ്റു പൊതുമേഖലാ ബാങ്കുകളും ഇത്തരത്തിലുള്ള സമീപനം എടുക്കാനാണ് സാദ്ധ്യത. ബാങ്കിംഗ് മേഖലയിലെ യന്ത്രവല്‍ക്കരണത്തിന്റെയും, പരിഷ്‌ക്കാരങ്ങളുടെയും ചിലവു മുഴുവന്‍ ഇടപാടുകാരില്‍ നിന്നും ഈടാക്കാനാണ് ബാങ്കുകള്‍ ശ്രമിക്കുന്നത്.
Next Story

RELATED STORIES

Share it