kannur local

സ്റ്റേഡിയം തുറന്നുകൊടുക്കുന്നില്ല; ഫുട്‌ബോള്‍ മല്‍സരം നടത്തി പ്രതിഷേധം

തലശ്ശേരി: നവീകരണ പ്രവൃത്തിക്ക് ശേഷം മുനിസിപ്പല്‍ സ്‌റ്റേഡിയം കളികള്‍ക്കായി വിട്ടുകൊടുക്കുന്നതില്‍ അധികൃതര്‍ കാട്ടുന്ന അലംഭാവത്തിനെതിരേ വേറിട്ട പ്രതിഷേധം. കിവീസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കായികതാരങ്ങളും നാട്ടുകാരും അണിനിരന്ന് പ്രതിഷേ ഫുട്‌ബോള്‍ മല്‍സരം നടത്തിയാണ് സ്‌റ്റേഡിയം തുറന്നുകൊടുക്കുന്നതിലെ അനിശ്ചതത്വത്തിനെതിരേ പ്രതികരിച്ചത്.
മുനിസിപ്പല്‍ മൈതാനത്ത് കോടികള്‍ ചെലവഴിച്ച് നവീകരണ പ്രവൃത്തികള്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തീകരിച്ചെങ്കിലും കരാറുകാരുടെ തമ്മിലടിയും അധികൃതരുടെ അനാസ്ഥയും കാരണം ഇപ്പോഴും സ്‌റ്റേഡിയത്തില്‍ കളികള്‍ക്ക് അനുമതിയില്ല. പലവട്ടം പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് യുവാക്കള്‍ കിവീസ് ക്ലബ്ബുമായി സഹകരിച്ച് പ്രത്യക്ഷ സമരത്തിനിറങ്ങിയത്.
പഴയ ബസ്സ്റ്റാന്റ് പരിസരത്തുനിന്ന് പ്രകടനമായെത്തിയാണ് കായികപ്രേമികള്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിച്ച് പ്രതിഷേധ ഫുട്‌ബോള്‍ നടത്തിയത്. നഗരസഭാ മുന്‍ കൗണ്‍സിലര്‍ സി ഒ ടി നസീര്‍ ഉദ്ഘാടനം ചെയ്തു. കിവീസ് ക്ലബ് സെക്രട്ടറി സി എച്ച് നൗറിഫ് അധ്യക്ഷനായി. നവീന്‍ നെരോത്ത്, കെ വി ആത്തിഷ്, മുഹമ്മദ് ഷുഹൈബ് സംസാരിച്ചു. മുന്‍ ജൂനിയര്‍ ദേശീയ ഫുട്‌ബോള്‍ താരം പ്രേംരാജ് ഗോവിന്ദന്‍, റോവേഴ്‌സ് ക്ലബ് പ്രതിനിധി എം ബാബുരാജ് എന്നിവര്‍ സമ്മാനദാനം നടത്തി. മുഹമ്മദ് ഷുഹൈബ് പറക്കാട്ടില്‍, അഡ്വ. വിജിത്ത് കുമാര്‍, ബി ടി ജാസിം, റബീഹ് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it