Pathanamthitta local

സ്റ്റേഡിയം കോംപ്ലക്‌സ്: നഗരസഭാ തീരുമാനം സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ അറിയിക്കും

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 കോടി രൂപയുടെ സ്റ്റേഡിയം കോംപ്ലക്‌സ് പത്തനംതിട്ടയില്‍ തന്നെ സ്ഥാപിക്കുന്നത് സംബന്ധിച്ച തീരുമാനവുമായി മുന്നോട്ട് പോവുന്നതിന് വീണ ജോര്‍ജ് എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനം. സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് എംഎല്‍എ ഇന്നലെ നഗരസഭ കൗണ്‍സിലര്‍മാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മുന്‍ ചെയര്‍മാന്‍മാര്‍ എന്നിവരുടെ യോഗം വിളിച്ചത്. പത്തനംതിട്ടയില്‍ സ്റ്റേഡിയം കോംപ്ലക്‌സ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അടിയന്തരമായി മാറണമെന്നും അടുത്ത ബജറ്റിനു മുമ്പായി ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കൂടി സമര്‍പ്പിക്കണമെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. സ്റ്റേഡിയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ നഗരസഭ ഉയര്‍ത്തിയിരുന്നു. ഇതു പരിഹരിച്ചുകൊണ്ടു മാത്രമേ നിര്‍മാണഘട്ടത്തിലേക്കു കടക്കാനാകുകയുള്ളൂവെന്നും എംഎല്‍എ ഉറപ്പു നല്‍കി. കഴിഞ്ഞ മേയ് 23ന് മന്ത്രി എ സി മൊയ്തീന്‍ വിളിച്ചു ചേര്‍ത്ത പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവരുടെ യോഗത്തിലെ തീരുമാനപ്രകാരം സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിന് എസ്റ്റിമേറ്റ് എടുക്കുന്നതിലേക്ക് നഗരസഭ കൗണ്‍സില്‍ ഔദ്യോഗികമായി സ്‌പോര്‍ട്‌സ് കൗണ്‍സിലിനോട് ആവശ്യപ്പെടേണ്ടതുണ്ട്. കിഫ്ബി മുഖേനയാണ് പണം മുടക്കുന്നതെങ്കിലും ഇതു വായ്പയല്ല. വികസനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി തുക ചെലവഴിക്കുകയാണ്. സ്‌റ്റേഡിയം വികസനപ്രവര്‍ത്തനങ്ങള്‍ക്കു എസ്റ്റിമേറ്റ് എടുക്കുകയാണ് ആദ്യം വേണ്ടത്. പിന്നീടാണ് ചര്‍ച്ചകള്‍. ധാരണകള്‍ ഇതിലൂടെ രൂപപ്പെടുത്തിയശേഷം ഒപ്പുവച്ചാല്‍ മതിയാവും. ധാരണാപത്രം നേരത്തെ ഒപ്പുവയ്‌ക്കേണ്ട ആവശ്യമില്ലെന്നും എംഎല്‍എ പറഞ്ഞു. സ്‌റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം നഗരസഭയ്ക്കു തന്നെയായിരിക്കണമെന്ന പൊതുനിലപാട് യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. എന്നാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കൂടി പങ്കാളിത്തം നല്‍കേണ്ടതുണ്ടെന്ന് പ്രസിഡന്റ് കെ അനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ അടക്കമുള്ള വിഷയങ്ങള്‍ നഗരസഭയുടെ മാത്രം ഉത്തരവാദിത്വത്തില്‍ നടത്താനാകില്ല. സ്റ്റേഡിയം പദ്ധതികള്‍ ഏകോപിപ്പിക്കണം സ്റ്റേഡിയവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ഏകോപിപ്പിക്കണമെന്ന് നഗരസഭ മുന്‍ ചെയര്‍മാന്‍ പി.മോഹന്‍രാജ് യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇന്‍ഡോര്‍ സ്‌റ്റേഡിയം, സിന്തറ്റിക് ട്രാക്ക് തുടങ്ങി പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ കൂടാതെ എംപി, എംഎല്‍എ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാം. ഇവ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 കോടി വികസനത്തിനൊപ്പം നടപ്പാക്കാവുന്നതാണ്. പത്തനംതിട്ട സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് സൊസൈറ്റി മുമ്പ് രൂപീകരിച്ചിരുന്നു. ഇതേ പോലെ സംരംഭങ്ങളിലൂടെ സ്‌റ്റേഡിയം വികസന പദ്ധതികള്‍ ഏറ്റെടുക്കണം. ഏത് ഏജന്‍സി പണം മുടക്കാന്‍ തയാറായാലും വേണ്ടെന്നുവയ്ക്കരുതെന്നും മോഹന്‍രാജ് പറഞ്ഞു. സ്റ്റേഡിയം വികസനം പത്തനംതിട്ടയുടെ പൊതുവികാരമായി ഉള്‍ക്കൊണ്ട് പദ്ധതികള്‍ തയാറാക്കണമെന്ന് മുന്‍ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസയ്‌നും പറഞ്ഞു. സ്‌റ്റേഡിയം കോംപ്ലക്‌സ് ആധുനിക രീതിയില്‍ തന്നെയാണെന്നു ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍ കുമാര്‍ പറഞ്ഞു. ഇന്‍ഡോര്‍ സ്‌റ്റേഡിയം മാത്രമല്ല, നീന്തല്‍ക്കുളം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും 50 കോടിയുടെ പദ്ധതിയിലുണ്ടാകും. പത്തനംതിട്ടയില്‍ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം ഉണ്ടെങ്കില്‍ മറ്റു സ്ഥലങ്ങള്‍ ഇത് ഏറ്റെടുക്കാന്‍ തയാറായിട്ടുണ്ട്. തോട്ടപ്പുഴശേരി, മാലക്കര പ്രദേശങ്ങള്‍ സ്ഥലവാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന് അനില്‍ കുമാര്‍ പറഞ്ഞു. ദേശീയ ഗെയിംസ് എന്‍ജിനിയറിങ് വിഭാഗമാണ് എസ്റ്റിമേറ്റ് എടുത്ത് നിര്‍മാണം നടത്തുന്നത്. ഉയര്‍ന്ന സാങ്കേതികവിദ്യയോടെയാണ് നിര്‍മാണം. ഇതു സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ജില്ലയില്‍ കൊടുമണ്‍ സ്റ്റേഡിയത്തിന് 15.25 കോടി രൂപയും അടൂരിന് 12.25 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും അനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. സ്റ്റേഡിയം വികസനത്തിന് നഗരസഭ എതിരല്ലെന്നും ഉടമസ്ഥാവകാശം നഗരസഭയ്ക്കായിരിക്കണമെന്നതില്‍ മാത്രമാണ് തര്‍ക്കമുള്ളതെന്നും ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപും കൗണ്‍സിലര്‍മാരും വ്യക്തമാക്കി. ‘ഉടമസ്ഥാവകാശത്തെ സംബന്ധിച്ച ചില വ്യവസ്ഥകള്‍ ധാരണാപത്രത്തില്‍ കണ്ടതിനാലാണ് കാലതാമസം ഉണ്ടായത്. ഇത്തരത്തിലൊരു ധാരണാപത്രം ഇല്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ക്കു തയാറാണ്. സ്‌റ്റേഡിയത്തിന്റെ ഉടമസ്ഥത കൈമോശം വരുന്നില്ലെങ്കില്‍ ഏത് പദ്ധതി നടപ്പാക്കുന്നതിനും എതിരില്ല. ആന്റോ ആന്റണി എംപിയുടെ ശ്രമഫലമായി അനുവദിച്ച ഇന്‍ഡോര്‍ സ്‌റ്റേഡിയവും ഏറ്റെടുക്കണം. ആറു കോടി രൂപ കേന്ദ്രസഹായമായിട്ടുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനുവേണ്ടി രണ്ടുകോടി രൂപ നഗരസഭ ഫണ്ടില്‍ ലഭിച്ചതാണ്. സ്റ്റേഡിയവുമായി ബന്ധപ്പെട്ട പദ്ധതികള്‍ സംയുക്തമായി നടപ്പാക്കുന്നതില്‍ തടസമില്ലെങ്കില്‍ നഗരസഭയ്ക്ക് ഇതിനോടും യോജിപ്പാണെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ്, കൗണ്‍സിലര്‍മാരായ റോഷന്‍ നായര്‍, കെ ജാസിംകുട്ടി, വല്‍സന്‍ ടി കോശി, ജോണ്‍സണ്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ജനുവരി മൂന്നിനു കൂടുന്ന നഗരസഭ കൗണ്‍സില്‍ യോഗം ഇതു സംബന്ധിച്ച തീരുമാനമെടുത്ത് ഔദ്യോഗികമായി സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ അറിയിക്കും.
Next Story

RELATED STORIES

Share it