Flash News

സ്റ്റേജ് ഷോകളില്‍ നിന്ന് താരങ്ങള്‍ക്ക് വിലക്ക് : അമ്മ യോഗം ഇന്ന്



കൊച്ചി: ചാനലുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ താരങ്ങള്‍ പങ്കെടുക്കേണ്ടന്ന നിര്‍മാതാക്കളുടെയും, വിതരണക്കാരുടെയും ആവശ്യം താരസംഘടന അമ്മ അംഗീകരിക്കുമോയെന്ന് ഇന്ന് വ്യക്തമാവും. പ്രമുഖരുടെ സിനിമകളുടെ സാറ്റലൈറ്റ് അവകാശം മാത്രമാണ് ചാനലുകള്‍ ഏറ്റെടുക്കുന്നതെന്നാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയായ ഫിലിം ചേംബറിന്റെ ആരോപണം. ഇതേ തുടര്‍ന്ന് ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശകളില്‍ പങ്കെടുക്കരുതെന്ന് ഫിലിം ചേംബര്‍ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. താരസംഘടനയായ അമ്മയ്ക്കു രേഖാമൂലം കത്ത് നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ചര്‍ച്ച. അവാര്‍ഡ് നിശകള്‍ക്കൊണ്ട് സിനിമയുടെ നിര്‍മാതാവിനും, വിതരണക്കാര്‍ക്കും ഒരുതരത്തിലുമുള്ള ഗുണങ്ങളുമുണ്ടാകുന്നില്ലെന്നാണ് ഫിലിം ചേംബറിന്റെ വാദം. സിനിമയെയും താരങ്ങളെയും വച്ച് പണമുണ്ടാക്കുന്ന ചാനലുകള്‍ കഴിഞ്ഞ വര്‍ഷം പ്രമുഖരുടെ 40 സിനിമകള്‍ മാത്രമാണ് സാറ്റലൈറ്റ് റേറ്റ് നല്‍കി ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ സിനിമകള്‍ എടുക്കാത്ത ചാനലുകളുമായി താരങ്ങള്‍ സഹകരിക്കരുതെന്നു നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ അമ്മ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്നത്തെ ചര്‍ച്ചയ്ക്കു ശേഷമാവും അമ്മയുടെ തീരുമാനം. എന്നാല്‍, തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഫിലിം ചേംബര്‍. കൂടാതെ ക്യൂബ്, യുഎഫ്ഒ തുടങ്ങിയ ഡിജിറ്റല്‍ സാറ്റലൈറ്റ് പ്രൊജക്ഷന്‍ കമ്പനികള്‍ക്കെതിരെയും സിനിമാ മേഖലയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. പരസ്യവരുമാനം പോലും ഇവര്‍ കൈക്കലാക്കുന്നതായി ആരോപിച്ച് തിയേറ്റര്‍ ഉടമകളാണ് രംഗത്ത് എത്തിയിട്ടുള്ളത്.
Next Story

RELATED STORIES

Share it