സ്റ്റെര്‍ലൈറ്റ് വെടിവയ്പ്അടിയന്തര വാദം വേണ്ടെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള സ്റ്റര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റിനെതിരേ സമരം നടത്തിയവര്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രിംകോടതി പരിഗണിച്ചില്ല.
വെടിവയ്പിലേക്കു നയിച്ച സാഹചര്യങ്ങള്‍ കേന്ദ്ര ഏജന്‍സിയായ സിബിഐയെ കൊണ്ട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും കേസില്‍ തൂത്തുകുടി ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ജി എം മണി സമര്‍പ്പിച്ച ഹരജിയാണ് അവധിക്കാല ബെഞ്ച് ഇന്നലെ പരിഗണിച്ചത്.
ഹരജിക്ക് അടിയന്തര സ്വഭാവമില്ലെന്നു വ്യക്തമാക്കിയാണ് കോടതി ഹരജി തള്ളിയത്. വേനലവധിക്കു ശേഷം കേസില്‍ വാദം കേള്‍ക്കുമെന്ന് ബെഞ്ച് അറിയിച്ചു.
ജസ്റ്റിസുമാരായ എല്‍ നാഗേശ്വര്‍ റാവു, എം ശാന്തന ഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 25 ലക്ഷം രൂപയും വീതം നഷ്ടപരിഹാരം നല്‍കുക, തൂത്തുകുടി, കന്യാകുമാരി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹരജിയില്‍ ഉന്നയിച്ചിരുന്നു. കേസ് ജൂലൈയില്‍ വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it