Flash News

സ്റ്റെര്‍ലൈറ്റ് മലിനീകരണം: കാന്‍സര്‍ ബാധിതരുള്ളത് 60 കുടുംബങ്ങളില്‍

തൂത്തുക്കുടി: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനിയില്‍ നിന്നു മൂന്നു കിലോമീറ്റര്‍ മാത്രം അകലെയാണ് സില്‍വേര്‍പുരം. ഒരു കാന്‍സര്‍ രോഗിയെങ്കിലുമില്ലാത്ത വീടുകള്‍ അപൂര്‍വം. 2,000 ആളുകള്‍ മാത്രമുള്ള സില്‍വേര്‍പുരത്ത് 60 കുടുംബങ്ങളില്‍ കാന്‍സര്‍ബാധിതരുണ്ട്. രോഗബാധയുടെ കാരണമായി ഇവര്‍ വിശ്വസിക്കുന്നത് സ്‌റ്റെര്‍ലൈറ്റ് കമ്പനിയുടെ പരിസ്ഥിതി മലിനീകരണവും. പ്രദേശത്തെ 15 സ്ഥലങ്ങളില്‍നിന്നെടുത്ത വെള്ളത്തിന്റെ സാംപിള്‍ പരിശോധനയില്‍ ഗുരുതരമായ കണ്ടെത്തലുകളുണ്ടായതായി തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡും ശരിവയ്ക്കുന്നു.
ന്യൂറോടോക്‌സിനുകളായ ഈയത്തിന്റെ അടക്കം സാന്നിധ്യം അനുവദനീയമായതിലും 39-55 ശതമാനം കൂടുതലാണ്. ഭൂഗര്‍ഭ ജലസ്രോത—സ്സുകള്‍ ഏറക്കുറേ ഉപയോഗശൂന്യമായിട്ടുണ്ട്. വെള്ളം ഉപയോഗിക്കാനാവാതെ ജനം ഏറെ ബുദ്ധിമുട്ടുന്നുണ്ട്. കമ്പനി അപകടസാധ്യത നിറഞ്ഞ വലിയ വ്യവസായങ്ങളുടെ ചുവന്ന പട്ടികയിലാണുള്ളത്. ജനവാസകേന്ദ്രത്തോടു ചേര്‍ന്ന് ഇവ പ്രവര്‍ത്തിക്കരുതെന്ന് നിയമമുള്ളപ്പോഴാണ് ജനവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്നതും സുരക്ഷമാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഗുരുതര നിയമലംഘനങ്ങള്‍ കമ്പനി നടത്തുന്നതും.
1994 ആഗസ്്ത് ഒന്നിനാണ് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന നിബന്ധനയോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്പനിക്ക് അനുമതി നല്‍കിയത്. എന്നാല്‍, പഠനത്തിന് കാത്തിരിക്കാതെ 1995 ജനുവരി 16നു പരിസ്ഥിതിമന്ത്രാലയം കമ്പനിക്ക് അനുമതി നല്‍കുകയായിരുന്നു. 40,000 ടണ്‍ വാര്‍ഷിക ഉല്‍പാദനശേഷിയുള്ള പ്ലാന്റിനുള്ള അനുമതിയേ കമ്പനിക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍, വളരെ വേഗം അനുമതിയില്ലാതെ ഉല്‍പാദനശേഷി 70,000 ടണ്‍ ആയി കമ്പനി ഉയര്‍ത്തി.
ഇപ്പോള്‍ നാലുലക്ഷമാണ് ഉല്‍പാദനശേഷി. ഭൂഗര്‍ഭജലം മലിനമാക്കിയാല്‍ പൂട്ടും എന്ന താക്കീതോടെ 1996 ഒക്ടോബര്‍ 14ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രവര്‍ത്തനാനുമതിയും നല്‍കി. 1998ല്‍ നവംബറിലെ നാഷനല്‍ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്റ്റെര്‍ലൈറ്റ് മലിനീകരണത്തെക്കുറിച്ച് റിപോര്‍ട്ട് നല്‍കിയിരുന്നു. പരിസ്ഥിതിക്കും ഭൂഗര്‍ഭജലത്തിനും ഭീഷണിയെന്ന് ഇതില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പിന്നീട് കമ്പനിക്കെതിരായ ഹൈക്കോടതി വിധിയും പ്രതിഷേധങ്ങളും കമ്പനി മറികടന്നു. സില്‍വേര്‍പുരത്ത് കാന്‍സര്‍ പടര്‍ന്നുപിടിക്കുന്നതുള്‍പ്പെടെയുള്ള പാരിസ്ഥിതിക-ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ആവശ്യമായ പഠനങ്ങളോ നടപടികളോ എടുത്തിട്ടില്ലെന്ന് ജനങ്ങള്‍ നിരന്തരം പരാതിപ്പെട്ടിരുന്നു.
മെയ് 12ന് കമ്പനിക്കെതിരായ ജനകീയ സമരത്തിനിടെ 13 പേര്‍ കൊല്ലപ്പെട്ടതിനുശേഷം മാത്രമാണ് കമ്പനിയുടെ പ്രവര്‍ത്തനത്തിനു സര്‍ക്കാര്‍തലത്തില്‍ താല്‍ക്കാലിക പൂട്ടുവീണത്. ഇവിടേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുകയും പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. ജയലളിതാ സര്‍ക്കാര്‍ 2013ല്‍ കമ്പനി അടച്ചുപൂട്ടാന്‍ നടപടികളെടുത്തെങ്കിലും ദേശീയ പരിസ്ഥിതി ട്രൈബ്യൂണല്‍ തുടരാന്‍ അനുമതി നല്‍കി.
ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. വിഷയത്തില്‍ ജനവികാരം മാനിക്കുന്നെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രതികരിച്ചത്.
ചെന്നൈ കഴിഞ്ഞാല്‍ തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ വ്യവസായനഗരമാണ് തൂത്തുക്കുടി. തമിഴ്‌നാട് വ്യവസായ വികസന കോര്‍പറേഷന്റെ കെട്ടിടത്തിലാണ് സ്റ്റെര്‍ലൈറ്റ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ ഇവിടത്തെ പ്ലാന്റ് കോപ്പര്‍ പ്ലാന്റുകളില്‍ വലുപ്പത്തില്‍ ഇന്ത്യയില്‍ രണ്ടാംസ്ഥാനത്താണ്. ഇതു വിപുലീകരിച്ച് ലോകത്തെ ഏറ്റവും വലിയ ചെമ്പുശുദ്ധീകരണ നഗരമായി പ്രദേശത്തെ മാറ്റുകയായിരുന്നു കമ്പനിയുടെ ലക്ഷ്യങ്ങളിലൊന്ന്. കമ്പനിയിലെ രാസമാലിന്യം ഒഴുക്കിവിടുന്നത് തിരുനെല്‍വേലിയുടെ തന്നെ പ്രധാന ജലസ്രോതസ്സായ താമിരഭരണി നദിയിലേക്കാണ്. ഇതു പ്രദേശത്ത് വന്‍ മലിനീകരണത്തിനു കാരണമായി.
Next Story

RELATED STORIES

Share it