സ്റ്റുഡിയോ ഉടമകളായ സഹോദരങ്ങള്‍ അറസ്റ്റില്‍

വടകര: കല്യാണ വീടുകളില്‍ നിന്നും മറ്റും എടുക്കുന്ന സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ച കേസില്‍ സ്റ്റുഡിയോ ഉടമകളായ സഹോദരങ്ങള്‍ അറസ്റ്റില്‍.
വടകര സദയം സ്റ്റുഡിയോ ഉടമകളായ വൈക്കിലശ്ശേരി ചെറുവോട്ട് മീത്തല്‍ ദിനേശന്‍ (44), സഹോദരന്‍ സതീശന്‍ (41) എന്നിവരെയാണ് വടകര ഡിവൈഎസ്പി ടി പി പ്രേമരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക കേസന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികള്‍ തൊട്ടില്‍പാലം കുണ്ടുതോടിലെ ചെറിയച്ഛന്റെ വീട്ടില്‍ നിന്നും മറ്റു സ്ഥലത്തേക്ക് താമസം മാറ്റാനുള്ള നീക്കത്തിനിടയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ പോലിസിന്റെ വലയിലാവുന്നത്. പിടിയിലായത് ഈ കേസിലെ രണ്ടും, മൂന്നും പ്രതികളാണെന്ന് റൂറല്‍ എസ്പി എംകെ പുഷ്‌കരന്‍ അറിയിച്ചു.
കേസിലെ മുഖ്യപ്രതിയായ സ്റ്റുഡിയോ ജീവനക്കാരന്‍ കൈവേലി സ്വദേശി ബിബീഷിനെ പിടികൂടാനായിട്ടില്ല. ഇയാള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള വയനാട്, ഇടുക്കി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ പോലിസ് തിരച്ചില്‍ നടത്തി. രണ്ടു ദിവസത്തിനകം ഇായളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും എസ്പി പറഞ്ഞു. രണ്ടായിരത്തോളം ഫോട്ടോകളുള്ള ഹാര്‍ഡ് ഡിസ്‌കില്‍ ആറു പേരുടെ ഫോട്ടോ മാത്രമാണ് മോര്‍ഫ് ചെയ്തതെന്ന് പോലിസ് പറഞ്ഞു. ആറു മാസം മുമ്പ് ദിനേശനും, സതീശനും ഇതേപ്പറ്റി അറിഞ്ഞിട്ടും ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
ഒന്നാം പ്രതിയായ ബബീഷ് മോര്‍ഫ് ചെയ്ത ഇരകളുടെ ഫോട്ടോ ചെയ്യപ്പെട്ട ആള്‍ക്ക് തന്നെ വ്യാജ ഐഡി ഉണ്ടാക്കി അയച്ചു കൊടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യുകയാണുണ്ടായതെന്ന് പോലിസ് പറഞ്ഞു. മാനഹാനി ഭയന്ന് പലരും പുറത്ത് പറയാന്‍ മടിച്ചു. ഐടി, ഐപിസി ആക്ട് 354 വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി മറ്റു പരിശോധനകള്‍ നടത്തുമെന്ന് പോലിസ് പറഞ്ഞു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഒരു നാടിനെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയ സ്റ്റുഡിയോ ഉടമകള്‍ക്കും, ജീവനക്കാരനുമെതിരെ വൈക്കിലശ്ശേരിയില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. നാട്ടുകാര്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരരംഗത്താണ്. വിഷയത്തില്‍ പോലിസ് ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതും പ്രതിഷേധത്തിന് ആക്കം കൂട്ടി. ഒരാഴ്ച മുമ്പ് പോലിസിന് രേഖാമൂലം പരാതി ലഭിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ആറു മാസം മുമ്പ് സംഭവം ചര്‍ച്ചാ വിഷയമായെങ്കിലും നാട്ടുകാര്‍ ആരംഭിച്ച മധ്യസ്ഥ ശ്രമം കാരണം പരാതി നല്‍കാന്‍ വൈകുകയായിരുന്നു. കേസില്‍ ശാസ്ത്രീയ തെളിവെടുപ്പുകളും പരിശോധനകളും പുരോഗമിക്കുകയാണ്. സൈബര്‍ സെല്ലിന്റെയും, മറ്റ് ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വടകര സിഐ ഓഫിസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചതിന്റെ തലേ ദിവസമാണ് രണ്ടും, മൂന്നും പ്രതികളുടെ അറസ്റ്റ്. അന്വേഷണ സംഘത്തില്‍ സിഐമാരായ ടി മധുസൂദനന്‍ നായര്‍, സി ഭാനുമതി, എസ്‌ഐ അനിതകുമാരി, എഎസ്‌ഐ ഗംഗാധരന്‍, സീനിയര്‍ സിപിഒ കെ പി രാജീവന്‍, സിപിഒ മാരായ ഷീബ, മോഹനന്‍, സിനോജ്, സിനു, ഷിരാജ്, ഷാജി എന്നിവരുണ്ടായിരുന്നു.
Next Story

RELATED STORIES

Share it