സ്റ്റാര്‍ട്ട് അപ് ഇന്ത്യ സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി ജനുവരിയില്‍

ന്യൂഡല്‍ഹി: യുവസംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിനായുള്ള സ്റ്റാര്‍ട്ട് അപ് ഇന്ത്യ സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി പ്രവൃത്തിപഥത്തിലെത്തിക്കാനുള്ള പരിപാടികള്‍ക്ക് ജനുവരി 16നു തുടക്കമാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
യുവജനങ്ങള്‍ക്ക് അവസരമൊരുക്കുന്നവിധത്തില്‍ പുതിയ സംരംഭങ്ങളും പുതിയ കണ്ടുപിടിത്തങ്ങളും നടത്തുന്നതിനായി കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ചതാണ് സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതി. ഇന്ത്യയെ ലോകത്തിന്റെ പുതിയ സംരംഭങ്ങളുടെ തലസ്ഥാനമാക്കും. ഇതിന്റെ കര്‍മപദ്ധതിയാണ് അടുത്ത മാസം പ്രഖ്യാപിക്കുന്നത്. എല്ലാ കോളജുകളിലെയും വിവര സാങ്കേതികരംഗത്തു മികവുപുലര്‍ത്തുന്നവരെ ലൈവ് കണക്റ്റിവിറ്റിയിലൂടെ ബന്ധിപ്പിക്കുന്നതാവും സ്റ്റാര്‍ട്ട് അപ് ഇന്ത്യ സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതിയെന്നും മോദി അവകാശപ്പെട്ടു. സംരംഭകര്‍ക്ക് സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാന്‍ ബാങ്ക് വായ്പകളും പദ്ധതിയില്‍ ഉള്‍പ്പെടും.
സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് അമേരിക്കയിലെ സിലിക്കണ്‍വാലിയില്‍ മോദി സാങ്കേതികരംഗത്തെ മേധാവിമാരെ കണ്ടത്. പദ്ധതി ഗ്രാമീണമേഖലയിലേക്കും വ്യാപിപ്പിച്ച് വനിതകള്‍ ഉള്‍പ്പെടെയുള്ള സംരംഭകരെ വാര്‍ത്തെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സബ്‌സിഡികള്‍ ബാങ്കിലൂടെ വിതരണം ചെയ്യുന്ന പദ്ധതി ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചുകഴിഞ്ഞതായും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് എല്ലായിടത്തും മൗലികാവകാശങ്ങളെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മൗലിക കടമകളെക്കുറിച്ച് വളരെ കുറച്ചു മാത്രമാണു ചര്‍ച്ച നടക്കുന്നത്. തിരഞ്ഞെടുപ്പുകാലത്ത് മാത്രമാണ് വോട്ടവകാശം മൗലിക കടമയെന്ന നിലയില്‍ പ്രചരിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it