സ്റ്റാന്‍ലിയുടെ കണ്ണും കരളുംഇനിയും തുടിക്കും

കോഴിക്കോട്:  തലശ്ശേരിയിലെ നെട്ടൂര്‍ സ്വദേശി സ്റ്റാന്‍ലി ലവിസിന്റെ ഇരു കിഡ്‌നികളും കണ്ണുകളും കരളും അഞ്ചുപേരിലൂടെ ഇനിയും തുടിക്കും. മാര്‍ച്ച് 20ന് രാവിലെ 5മണിക്ക് ഇന്‍ട്രാ-ക്രേനിയല്‍ ബ്ലീഡ് (തലച്ചോറിലെ രക്തസ്രാവം)മൂലം മിംസില്‍ അഡ്മിറ്റായ സ്റ്റാന്‍ലിയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ 22ന് മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. ഭാര്യ മേരി അഗസ്റ്റിന്‍, മക്കളായ മെര്‍ലിന്‍ സിന്‍ട്രല്ല, റോസ് ബെല്ല, ബെന്നി എന്നിവര്‍ അവയവദാനത്തിനു സന്നദ്ധത അറിയിച്ചതോടെയാണു കണ്ണുകളും കിഡ്‌നികളും കരളും പകുത്തുനല്‍കിയത്. കരള്‍ ആസ്റ്റര്‍ മിംസില്‍ ചികില്‍സയിലുള്ള 46 വയസ്സുള്ള കണ്ണൂര്‍ സ്വദേശിക്കും ഒരു കിഡ്‌നി ഇതേ ആശുപത്രിയിലെ തന്നെ 38 വയസ്സുള്ള രോഗിക്കും മറ്റൊരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗിക്കുമാണ് നല്‍കിയത്. കണ്ണുകള്‍ കോഴിക്കോട്ടെ കോംട്രസ്റ്റ് ആശുപത്രിയിലെ 2 രോഗികള്‍ക്കു വെളിച്ചമേകും. ഡോ. സജീഷ് സഹദേവനാണ് (ഉദരരോഗ ശസ്ത്രക്രിയാ വിഭാഗം തലവന്‍) കരള്‍മാറ്റ ശസ്ത്രക്രിയ നിര്‍വഹിച്ചത്. ഡോ. രാജേഷ് നമ്പ്യാര്‍, ഡോ. രോഹിത് രവീന്ദ്രന്‍, ഡോ. സീതാലക്ഷ്മി എന്നിവര്‍ക്കൊപ്പം അനസ്തീസ്യാ വിഭാഗം ഡോ. കിഷോര്‍ കെ, ഡോ. രാകേഷ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു ശസ്ത്രക്രിയ. കിഡ്‌നി മാറ്റ ശസ്ത്രക്രിയയില്‍ യൂറോളജിസ്റ്റ് ഡോ. കൃഷ്ണമോഹന്‍, ഡോ. ഖുര്‍ഷിത് അഹ്മദ്, അനസ്തീസ്യാ വിഭാഗത്തിലെ ഡോ. പ്രീതാ ചന്ദ്രന്‍, വൃക്കരോഗ ചികില്‍സാ വിഭാഗം ഹെഡ് ഡോ. സജിത്ത് നാരായണന്‍, ഡോ. ഫിറോസ് അസീസ്, ഡോ. ഇസ്മായില്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it