thrissur local

സ്യൂയിസ് കം ബ്രിഡ്ജ് പൂര്‍ത്തിയായില്ല: പ്രദേശവാസികള്‍ സമരത്തിലേക്ക്

തൃശൂര്‍: മാള, പുത്തന്‍ചിറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരിങ്ങോള്‍ചിറ സ്യൂയിസ് കം ബ്രിഡ്ജിന്റെ നിര്‍മാണം ഏഴു വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാത്തത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ സമരത്തിലേക്ക്. ജനുവരി രണ്ടുമുതല്‍ നിരാഹാര സത്യഗ്രഹം നടത്തുമെന്ന് കരിങ്ങോള്‍ചിറ ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11 ന് കേരള ജനപക്ഷം പാര്‍ട്ടി ചെയര്‍മാന്‍ പി സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 2011 ല്‍ ഒന്നേ മുക്കാല്‍ കോടി രൂപ ചെലവില്‍ നിര്‍മ്മാണം തുടങ്ങിയ പാലം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. പാലം അവസാനിക്കുന്ന ഭാഗത്തെ അപ്രോച്ച് റോഡിനുള്ള സ്ഥലം സംസ്ഥാന വഖഫ് ബോര്‍ഡില്‍ നിന്ന് നിയമപരമായി ഏറ്റെടുത്തിരുന്നില്ല. ഇതേ കുറിച്ച് ധാരണയില്ലാതെ തുടങ്ങിയ പ്രവൃത്തി 80 ശതമാനം പൂര്‍ത്തിയായപ്പോള്‍ സ്തംഭനാവസ്ഥയിലായി. ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ട നിയമപരമായ നടപടി പൊതുമരാമത്ത് വകുപ്പ് ഇപ്പോഴും തുടങ്ങിയിട്ടില്ല. പിഡബ്യുഡി എക്‌സി. എഞ്ചിനീയര്‍ ജില്ലാ കലക്ടര്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിവരം നല്‍കിയാലേ അനുമതി ലഭ്യമാകൂ. കാലപ്പഴക്കം മൂലം പഴയ പാലത്തിന്റെ കോണ്‍ക്രീറ്റുകള്‍ തകര്‍ന്നു തുടങ്ങിയപ്പോള്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് പുതിയ പാലത്തിനു അനുമതി നല്‍കിയത്. എന്നാല്‍ ഭരണം മാറി വന്നിട്ടും നിര്‍മ്മാണം ഇതുവരേ പൂര്‍ത്തിയായില്ല. അപകടാവസ്ഥയിലായ പഴയ പാലത്തിലൂടെയാണ് ജനങ്ങള്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. സ്ലൂയിസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ ജില്ലയിലെ ശുദ്ധജല സ്രോതസുകളിലൊന്നായ കരിങ്ങോള്‍ചിറയും സമീപപ്രദേശങ്ങളും ഉപ്പുവെള്ള ഭീഷണിയിലാണ്. പ്രദേശത്തെ 800 ഹെക്ടറോളം നെല്‍കൃഷിയും മൂന്നര കിലോമീറ്റര്‍ ചുറ്റളവില്‍ കരകൃഷിയും ഉപ്പുവെള്ളം കയറി നാശത്തിലാണ്. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, കലക്ടര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടും ഇതുവരെ ഫലം കണ്ടിട്ടില്ല. കരാറുകാരന്റെ അനാസ്ഥയാണ് നിര്‍മ്മാണത്തിന് തടസം സൃഷ്ടിക്കുന്നതെന്ന് പിഡബ്യുഡി പറയുമ്പോള്‍ പൊതുമരാമത്ത് വകുപ്പിലെ ചേരിപ്പോരാണ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാന്‍ കാരണമെന്ന് കരിങ്ങോള്‍ചിറ ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് നിര്‍മ്മാണം തുടങ്ങുന്നതുവരേ അനിശ്ചിതകാല നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. ജനുവരി 2 മുതല്‍ ആദ്യ 15 ദിവസം റിലേ നിരാഹാര സമരവും പിന്നീട് അനിശ്ചിതകാല നിരാഹാര സമരവും നടത്താനാണ് തീരുമാനം. പുത്തന്‍ചിറ പഞ്ചായത്ത് വികസന സമിതി അധ്യക്ഷന്‍ പി ഐ നിസാര്‍, ജനകീയ കൂട്ടായ്മ പ്രസിഡന്റ് സാലി സജീര്‍, സെക്രട്ടറി യു കെ വേലായുധന്‍, സി എം റിയാസ്, അഷ്‌റഫ് കടുപ്പൂക്കര വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it