സ്മൃതി ഇറാനിയുടെ പരാമര്‍ശത്തിനെതിരേ പ്രതിഷേധം; ദലിത് അധ്യാപകര്‍ രാജിക്കൊരുങ്ങുന്നു

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയ പരാമര്‍ശത്തില്‍ കാമ്പസിലെ ദളിത് അധ്യാപകര്‍ പ്രതിഷേധിച്ചു. രോഹിത് അടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുത്തത് ദലിത് അധ്യാപകന്റെ നേതൃത്വത്തിലുള്ള സമിതിയാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍, വിപിന്‍ ശ്രീവാസ്തവ എന്ന മേല്‍ജാതിക്കാരനായ അധ്യാപകനാണ് സമിതിയുടെ തലവനെന്ന് അധ്യാപകര്‍ പറഞ്ഞു.

വ്യാജ പ്രസ്താവന നടത്തിയ മന്ത്രി തെറ്റ് തിരുത്തിയില്ലെങ്കില്‍ സര്‍വകലാശാലയിലെ ഭരണസമിതിയില്‍നിന്ന് തങ്ങള്‍ രാജി വയ്ക്കുമെന്നും ദലിത് അധ്യാപകര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. സര്‍വകലാശാല നിലവില്‍വന്ന ശേഷം അതിന്റെ നിര്‍വഹണസമിതിയില്‍ ഒരു ദലിത് അധ്യാപകനെയും ഉള്‍പ്പെടുത്താത്തത് നിര്‍ഭാഗ്യകരമാണെന്നും അവര്‍ പറഞ്ഞു. ഹോസ്റ്റല്‍ വാര്‍ഡനായി ഒരു ദലിതന്‍ നിയമിക്കപ്പെട്ടത് യാദൃഛികമാണെന്നും അദ്ദേഹം മേലധികാരികളുടെ ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ അറിയിച്ചു.
അതേ സമയം, വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ദേശീയ തലത്തില്‍ വ്യാപിപ്പിക്കാനുള്ള ശ്രമം തുടങ്ങി.രാജ്യത്തിന്റെ വിവിധ കാമ്പസുകളിലെ വിദ്യാര്‍ഥികളേയും പ്രക്ഷോഭത്തില്‍ അണിനിരത്തുന്നതിനു വേണ്ടി 25ന് 'ഛലോ എച്ച്‌സിയു' പരിപാടി സംഘടിപ്പിക്കുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.
സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ കാമ്പസില്‍ നടത്തുന്ന നിരാഹാര സമരം ഇന്നലെയും തുടര്‍ന്നു. രോഹിതിന്റെ മരണത്തിന് ഉത്തരവാദികളായ കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും ബന്ദാരു ദത്താ ത്രേയയും രാജിവയ്ക്കണമെന്നും വിസി അപ്പാറാവുവിനെ പുറത്താക്കണമെന്നുമാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. മരിച്ച രോഹിതിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും 5 കോടി രൂപ നഷ്ട പരിഹാരവും നല്‍കണമെന്നും അവര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
അതിനിടെ സര്‍വകലാശാലയിലെ ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ എബിവിപി നേതാവ് സുശീല്‍കുമാര്‍ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു. രോഹിതിന്റെയും സസ്‌പെന്റ് ചെയ്യപ്പെട്ട മറ്റു വിദ്യാര്‍ഥികളുടെയും ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റതിന്റെയും ആശുപത്രിയില്‍വച്ച് ശസ്ത്രക്രിയ നടത്തിയതിന്റെയും രേഖകള്‍ തന്റെ പക്കലുണ്ടെന്നും സുശീല്‍കുമാര്‍ അവകാശപ്പെട്ടു.
പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഇന്നലെ കാമ്പസിലെത്തി. രോഹിതിന്റെ ആത്മഹത്യ രാജ്യത്തിനും ഇന്ത്യന്‍ സമൂഹത്തിനും അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it