സ്മൃതി ഇറാനിയും ബിഹാര്‍ മന്ത്രിയും തമ്മില്‍ വാക്‌പോര്

പട്‌ന/ന്യൂഡല്‍ഹി: കേന്ദ്ര മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനിയും ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരിയും തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര്. അശോക് ചൗധരി പ്രിയപ്പെട്ട സ്മൃതി ഇറാനിജി എന്നു വിശേഷിപ്പിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്. 'പ്രിയപ്പെട്ട സ്മൃതി ഇറാനിജി, രാഷ്ട്രീയ നേതാക്കള്‍ പുതിയ വിദ്യാഭ്യാസ നയത്തില്‍ ശ്രദ്ധചെലുത്തണം' എന്നാണ് ചൗധരി ട്വിറ്ററില്‍ കുറിച്ചത്. ഉടനെ സ്ത്രീയായ തന്നെ പ്രിയപ്പെട്ട എന്ന് അഭിസംബോധന ചെയ്തതിനെ സ്മൃതി ഇറാനി ചോദ്യംചെയ്തു. ഉടനെ ചൗധരി മറുപടി നല്‍കി. സ്മൃതി ഇറാനിയോട് അനാദരവ് കാണിച്ചില്ലെന്നും പ്രഫഷനല്‍ ഇ-മെയിലുകള്‍ പ്രിയപ്പെട്ട എന്ന് അഭിസംബോധന ചെയ്താണ് ആരംഭിക്കാറുള്ളതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. യഥാര്‍ഥ പ്രശ്‌നത്തിന് മന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താന്‍ ചൗധരിക്കയക്കുന്ന ഇ-മെയിലുകളില്‍ ആദരണീയ എന്നാണ് അഭിസംബോധന ചെയ്യാറുള്ളതെന്നായി ഇറാനി. വിദ്യാഭ്യാസനയം സംബന്ധിച്ച് താഴെ തട്ടില്‍ ചര്‍ച്ച നടത്താത്ത ഏക സംസ്ഥാനം ബിഹാര്‍ ആണെന്നും അവര്‍ ആരോപിച്ചു. തുടര്‍ന്ന് വാക്‌പോര് രൂക്ഷമായി. പകരത്തിനു പകരമായി ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു. സ്മൃതി ഇറാനി ഇപ്പോള്‍ ബിഹാര്‍ പര്യടനത്തിലാണ്.
Next Story

RELATED STORIES

Share it