സ്മിതയുടെ തിരോധാനം: സിബിഐ അന്വേഷണത്തിനെതിരേ ഭര്‍ത്താവ് വീണ്ടും ഹരജി നല്‍കി

കൊച്ചി: ദുബയില്‍ കാണാതായ ഇടപ്പള്ളി സ്വദേശി സ്മിതയുടെ തിരോധാനം സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്ന ഉത്തരവിനെതിരെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. തന്റെ നിലപാട് തേടാതെയാണ് സിബിഐ അന്വേഷണത്തിന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. കോടതിയെ ഏല്‍പിച്ച പാസ്‌പോര്‍ട്ട് ജനുവരി 20നകം വിട്ടുകിട്ടാത്ത പക്ഷം അമേരിക്കയിലെ ജോലി നഷ്ടപ്പെടുമെന്നു ചൂണ്ടിക്കാട്ടിയാണ് കേസിലെ പ്രതിയായ സ്മിതയുടെ ഭര്‍ത്താവ് സാബുവെന്ന വി പി ആന്റണി ഹരജി നല്‍കിയിരിക്കുന്നത്.
ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും ഫലപ്രദമായ അന്വേഷണത്തിന് സിബിഐയെ കേസ് ഏല്‍പിക്കണമെന്നും ആവശ്യപ്പെട്ട് സ്മിതയുടെ പിതാവ് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനടുത്ത് അലശക്കോടത്ത് ജോര്‍ജ് നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ച് സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ച് ഉത്തരവിട്ടത്. എന്നാല്‍ തന്റെ വിശദീകരണം തേടാതെ പുറപ്പെടുവിച്ച വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സാബു അപ്പീല്‍ നല്‍കിയിരിക്കുന്നത്. താന്‍ കോടതിയെ ഏല്‍പിച്ച പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ ഉത്തരവിടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. സ്മിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചുവെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സ്മിതയുടെ ഭര്‍ത്താവ് സാബുവിനെ കസ്റ്റഡിയിലെടുത്തിരുന്നു.
പിന്നീട് ജാമ്യം അനുവദിച്ചു. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പിന്നീട് പരിഗണിക്കാന്‍ മാറ്റി. പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സാബു നേരത്തെ നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു.
Next Story

RELATED STORIES

Share it