kasaragod local

സ്മാര്‍ട്ട് വില്ലേജ് ഓഫിസില്‍ വൈദ്യുതിയും ഇരിപ്പിടവുമില്ല

പെരിയ: സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തുറന്ന സ്മാര്‍ട്ട് വില്ലേജ് ഓഫിസില്‍ വൈദ്യുതിയും ഇരിപ്പിടവുമില്ല. ഇന്നലെ ഉച്ചക്ക് പെരിയയില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്ത പെരിയ വില്ലേജ് ഓഫിസിലാണ് വൈദ്യുതിയും ഇരിപ്പിടവുമില്ലാത്തത്.
അടിസ്ഥാന സൗകര്യമൊരുക്കാതെ തട്ടിക്കൂട്ടി സ്മാര്‍ട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. പെരിയ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന വില്ലേജ് ഓഫിസ് സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്നതിനെ തുടര്‍ന്നാണ് പെരിയ കമ്യൂണിറ്റി ഹാളിന് സമീപത്തായി പുതിയ കെട്ടിടം നിര്‍മിച്ചത്.
പുതുതായി നിര്‍മിച്ച കെട്ടിടത്തില്‍ വൈദ്യുതിക്ക് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇതുവരെയും കണക്ഷന്‍ ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് ഇരിക്കാനുള്ള കസേര ഉള്‍പ്പെടെ ആവശ്യമായ ഫര്‍ണീച്ചറുകളും ഇവിടെ ഒരുക്കിയിട്ടില്ല.  ഇതുസംബന്ധിച്ച് അനുമതി ലഭിക്കാത്തതാണ് ഫര്‍ണിച്ചറുകള്‍ വാങ്ങാന്‍ കഴിയാത്തതെന്നാണ് അധികൃതര്‍ പറയുന്നത്. വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കമ്പ്യൂട്ടര്‍വല്‍കരിച്ച് ഇടപാടുകള്‍ വേഗത്തിലാക്കുന്നതിനാണ് സ്മാര്‍ട്ട് ഓഫിസാക്കുന്നത്.
എന്നാല്‍ വൈദ്യുതി പോലും ലഭിക്കാത്ത പെരിയ വില്ലേജ് ഓഫിസ് സ്മാര്‍ട്ട് വില്ലേജ് ഓഫിസാക്കി ഉദ്ഘാടനം നടത്തിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it