സ്മാര്‍ട്ട്‌സിറ്റി ഉദ്ഘാടനം അടുത്ത മാസം

ദുബയ്: കൊച്ചി സ്മാര്‍ട്ട്‌സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ഫെബ്രുവരി അവസാനവാരം നടക്കും. ഇന്നലെ ദുബയ് എമിറേറ്റ്‌സ് ടവേഴ്‌സില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണു തീരുമാനം. തിയ്യതി ഒരാഴ്ചയ്ക്കകം നിശ്ചയിക്കുമെന്ന് കൊച്ചി സ്മാര്‍ട്ട് സിറ്റി ചെയര്‍മാനും കേരള ഐടി-വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
കൊച്ചി സ്മാര്‍ട്ട്‌സിറ്റി വൈസ് ചെയര്‍മാനും ദുബയ് സ്മാര്‍ട്ട്‌സിറ്റി സിഇഒയുമായ ജാബിര്‍ ബിന്‍ ഹഫീസ്, ദുബയ് സ്മാര്‍ട്ട്‌സിറ്റി എംഡി ഡോ. ബാജു ജോര്‍ജ്, പ്രത്യേക ക്ഷണിതാവ് എം എ യൂസുഫലി, ടീകോം ബിസിനസ് പാര്‍ക്ക് സിഇഒ മാലിക് അല്‍ മാലിക്, സച്ചിന്‍ ഖോസ്‌ല എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇതിനുശേഷം ദുബയ് ഹോള്‍ഡിങ് എംഡിയും ടീകോം ചെയര്‍മാനുമായ അഹ്മദ് ബിന്‍ ബയാത്തുമായി മന്ത്രി കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തി.
ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ധരിപ്പിച്ചതായും ദുബയ് സര്‍ക്കാര്‍ തിയ്യതി തീരുമാനിക്കുന്ന മുറയ്ക്ക് ഉദ്ഘാടനം നടത്താമെന്ന് അദ്ദേഹം അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.
ഒന്നാംഘട്ട ഉദ്ഘാടനച്ചടങ്ങില്‍ രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനവും നടത്തും. പ്രധാന പദ്ധതിയാണ് സ്മാര്‍ട്ട്‌സിറ്റിയെന്ന് എം എ യൂസുഫലി പറഞ്ഞു. 6.5 ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ഏഴു കെട്ടിടങ്ങളാണ് ഒന്നാംഘട്ടത്തില്‍ ഉണ്ടാവുകയെന്ന് ഡോ. ബാജു ജോര്‍ജ് പറഞ്ഞു. റോഡുകള്‍, പാലങ്ങള്‍, സബ്‌സ്‌റ്റേഷന്‍, ജലശുദ്ധീകരണ പ്ലാന്റ് എന്നിവ സ്ഥാപിക്കും. ഒന്നാംഘട്ടത്തില്‍ 25 ഐടി കമ്പനികളാണ് ഉണ്ടാവുക. ദുബയില്‍ നിന്നടക്കം അന്താരാഷ്ട്ര കമ്പനികള്‍ പ്രവര്‍ത്തിക്കും.
ഒരു ഷിഫ്റ്റില്‍ 5,500 പേര്‍ക്ക് തൊഴിലവസരം ലഭിക്കും. സാന്‍സ് ഇന്‍ഫ്ര എന്ന പേരില്‍ 30 നിലകളിലുള്ള രണ്ടു ടവര്‍ ഉള്‍പ്പെടെയുള്ള പ്രൊജക്റ്റാണ് രണ്ടാംഘട്ടത്തില്‍. 36 മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കും.
Next Story

RELATED STORIES

Share it