Pathanamthitta local

സ്പ്രിന്റ് ഇനം ട്രാക്കില്ലാതെ നടത്തിയത് കണ്ണീരില്‍ കലാശിച്ചു

പത്തനംതിട്ട: റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ രണ്ടാം ദിനത്തിന്റ ശോഭകെടുത്തി 200 മീറ്ററിലെ ട്രാക്ക് അപകടങ്ങള്‍. വേണ്ടത്ര ട്രാക് ജഡ്ജസ് ഇല്ലാത്തതിനാല്‍ ട്രാക്ക് പാലിക്കാതെ ഓടാന്‍ അനുമതി നല്‍കിയതാണ് കുട്ടികള്‍ കൂട്ടിയിടിച്ച് വീഴാന്‍ കാരണം.
ജൂനിയര്‍ ആണ്‍കുട്ടികളുടെയും സീനിയര്‍ ആണ്‍കുട്ടികളുടെയും മല്‍സരത്തിലാണ് കുട്ടികള്‍ കൂട്ടിയിടിച്ച് വീണത്. ആറുപേര്‍ക്ക് പരിക്കേറ്റു.സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ അവസാന 100 മീറ്റര്‍ തുടങ്ങുമ്പോഴാണ് റാന്നി എസ്‌സിഎച്ച്എസ്എസിലെ മിഥുന്‍ എം നായര്‍ വീണത്.
കാലിന് കാര്യമായി പരിക്കേറ്റ കുട്ടിക്ക് മല്‍സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.ട്രാക്കിലെ ഒന്നാം വളവ് കഴിയുമ്പോള്‍ തന്നെ കുട്ടികള്‍ ട്രാക്ക് മുറിച്ച് ഉള്ളിലുള്ള ട്രാക്കിലേക്ക് മാറുകയാണ് ചെയ്യുന്നത്. ഇത് പലരുടെയും താളം തെറ്റിച്ചു. മുന്നില്‍ നിന്ന പലരും ഇടിയേറ്റ് വീണു. ജൂനിയര്‍ ആണ്‍കുട്ടികളുടെ മല്‍സരത്തില്‍ ഒന്നാമതായിരുന്ന ഡൊമിനിക്കിനും വീണ് പിന്‍മാറേണ്ടി വന്നിരുന്നു.
കൂടുതല്‍ ട്രാക്ക് ജഡ്ജസിനെ എത്തിച്ചാണ് അടുത്ത മല്‍സരം പൂര്‍ത്തിയാക്കിയത്. മേളയ്ക്ക് ആവശ്യത്തിന് കായികഅധ്യാപകരെ കിട്ടാനില്ലാത്തതാണ് ട്രാക്ക് ജഡ്ജസ് ഇല്ലാത്തതിന് കാരണമെന്ന് സംഘാടകര്‍ പറയുന്നു. അകമ്പടി അധ്യാപകരെ കൂടി പ്രയോജനപ്പെടുത്തിയാണ് മല്‍സരം നടത്തുന്നത്.
Next Story

RELATED STORIES

Share it