സ്പീക്കര്‍ കോണ്‍ഗ്രസ് സെക്രട്ടറിയെപ്പോലെ പെരുമാറുന്നു: വിഎസ്

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്‍ സഭയ്ക്കുള്ളില്‍ കോണ്‍ഗ്രസ് സെക്രട്ടറിയെപ്പോലെയാണു പെരുമാറുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.

സോളാര്‍ കേസില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി സ്പീക്കര്‍ ഒരു കാരണവും കൂടാതെ നിഷേധിക്കുകയായിരുന്നു. ബാര്‍ കോഴക്കേസിലെ പത്തുകോടി രൂപയും സോളാര്‍ കേസിലെ അഞ്ചുകോടി രൂപയും എവിടെപ്പോയെന്ന് അറിയാനുള്ള ശ്രമമാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിലൂടെ നടത്തിയത്. എന്നാല്‍, കെപിസിസി പ്രസിഡന്റ് കെപിസിസിയെ കൈകാര്യം ചെയ്യുംപോലെ സ്പീക്കറെ ഉപയോഗിച്ച് സഭയെ കൈകാര്യം ചെയ്യാനുള്ള ശ്രമമാണ് ഉമ്മന്‍ചാണ്ടി നടത്തുന്നത്.
ഉമ്മന്‍ചാണ്ടി പറയുന്നതു മാത്രം ചെയ്യുകയല്ല സ്പീക്കറുടെ ദൗത്യം. പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കുകയും അദ്ദേഹത്തിന്റെ ചുമതലയാണ്. അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്റെ അവകാശമാണ്. അതാണു നിഷേധിക്കപ്പെട്ടത്. സഭയില്‍ ഇതേനിലപാടാണ് ഭരണപക്ഷവും സ്പീക്കറും തുടരുന്നതെങ്കില്‍ പ്രതിപക്ഷത്തിന് അതിനെതിരേ യുദ്ധം ചെയ്യേണ്ടിവരുമെന്നും വിഎസ് പറഞ്ഞു.
ശിവരാജ് കമ്മീഷനെ ഭീഷണിപ്പെടുത്തി സോളാര്‍ കേസ് അട്ടിമറിക്കാനാണ് ഭരണപക്ഷത്തിന്റെ ശ്രമം. ഇതിനെതിരേയാണ് പ്രതിപക്ഷം ഇന്നലെ ശബ്ദമുയര്‍ത്തിയത്. എന്നാല്‍, അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ച സ്പീക്കര്‍ക്ക് അതിനുള്ള കാരണം വിശദീകരിക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ ഓഫിസിനു പുറത്ത് സത്യഗ്രഹം ഇരിക്കുകയും ചെയ്തു. തുടര്‍ന്ന് ഓഫിസിലേക്ക് വിളിപ്പിച്ചപ്പോള്‍ അദ്ദേഹത്തെ പോയികണ്ടു. പ്രശ്‌നം വീണ്ടും അവതരിപ്പിച്ചെങ്കിലും അനുമതി നിഷേധിച്ചതിനുള്ള കാരണം വിശദീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ പ്രതിപക്ഷത്തിന്റെ അവകാശം ഓര്‍മിപ്പിച്ച് അത് നിഷേധിക്കാന്‍ സ്പീക്കര്‍ തന്റേടം കാണിക്കണമായിരുന്നു. പ്രതിപക്ഷമെന്ന നിലയില്‍ അവകാശങ്ങള്‍ക്കു വേണ്ടി അവര്‍ക്ക് ഇഴയേണ്ടിവരുന്ന ബുദ്ധിമുട്ട് തങ്ങള്‍ക്കു മനസ്സിലാവും. പക്ഷേ, ഉമ്മന്‍ചാണ്ടിക്ക് അതു മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്നും വിഎസ് പറഞ്ഞു.
Next Story

RELATED STORIES

Share it