malappuram local

സ്പിന്നിങ് മില്‍ പരിരക്ഷയ്ക്ക്  കൂട്ടായ പ്രവര്‍ത്തനം അനിവാര്യം: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തിലെ സഹകരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പിന്നിങ് മില്ലുകളുടെ പരിരക്ഷക്ക് സര്‍ക്കാരിനോടൊപ്പം ജീവക്കാരുടെ പിന്തുണയോടെയുള്ള കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് വ്യവസായ ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോ ഓപറേറ്റീവ് സ്പിന്നിങ് മില്‍ ഓഫിസേഴ്‌സ് ആന്റ് സ്റ്റാഫ് അസോസിയേഷന്റെ (സിഇഒ) സ്‌റ്റേറ്റ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ വര്‍ഷവും മില്ലുകള്‍ക്ക് കോടികള്‍ ഫണ്ട് നല്‍കുന്നത് ഈ മേഖലയിലുള്ള ജീവനക്കാരെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. കേരളത്തിലെ ഭൂരിപക്ഷ മില്ലുകള്‍ക്കും പുതിയ മെഷിനറികള്‍ വാങ്ങുന്നതിനും ആധുനിക വല്‍ക്കരണത്തിനും സര്‍ക്കാര്‍ 100 കോടി രൂപയോളം സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. സ്പിന്നിങ് മില്ലുകളിലെ ഓഫിസേഴ്‌സും സ്റ്റാഫും നിര്‍ണായക ശക്തികളാണെന്നും ഇവരാണ് മില്ലുകള്‍ വിജയത്തിലേക്ക് എത്തിക്കുന്നതിനുള്ള പുത്തന്‍ കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കേണ്ടവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ മില്ലുകളിലെയും സ്റ്റാഫ് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കാലാവധി അവസാനിച്ചതിനാല്‍ ഉടന്‍ ശമ്പള പരിഷ്‌ക്കരണം നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സ്റ്റാഫ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പി ഉബൈദുല്ല എംഎല്‍എ ആവശ്യപ്പെട്ടു. ടെക്‌സ്‌ഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്പിന്നിങ് മില്ലുകളില്‍ സ്റ്റാഫ് വിഭാഗത്തില്‍ നേരിട്ടുള്ള നിയമത്തിനു 50 ശതമാനം സര്‍വീസ് കോട്ട അനുവദിക്കുക, മലപ്പുറം സ്പിന്നിങ് മില്ലിലെ സ്റ്റാഫ് ജീവനക്കാരുടെ വിഷയങ്ങള്‍ സ്റ്റാഫ് പ്രതിനിധികളോട് മാത്രം ചര്‍ച്ച നടത്തുക എന്നീ പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. പി എസ് ശ്രീകുമാര്‍, എബി തോമസ് ക്ലാസെടുത്തു. പി കെ കുഞ്ഞു, എം എ ഖാദര്‍, എം കെ സലീം, വി കുര്യാക്കോസ്, ശശിധരന്‍, പി രാജീവ്, പി എസ് ശ്രീകുമാര്‍, എം മുഹമ്മദ് ബഷീര്‍, സഹീര്‍ കാലടി സംസാരിച്ചു. ചടങ്ങില്‍ സ്പിന്നിങ് മില്‍ സിഇഒ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എം കെ അബ്ദുല്ലക്ക് യാത്രയയപ്പ് നല്‍കി.
Next Story

RELATED STORIES

Share it