സ്പാനിഷ് ലീഗ്: മെസ്സിയും ബാഴ്‌സയും മുന്നോട്ട്

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ വിജയകുതിപ്പ് തുടരുന്നു. ലീഗിലെ 28ാം റൗണ്ട് മല്‍സരത്തില്‍ ഐബറിനെയാണ് ബാഴ്‌സ തകര്‍ത്തത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളുടെ മികവില്‍ എതിരില്ലാത്ത നാലു ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം.
എവേ മല്‍സരത്തില്‍ ബാഴ്‌സയ്ക്ക് തന്നെയായിരുന്നു ആധിപത്യം. ഇതോടെ തോല്‍വിയറിയാതെ തുടര്‍ച്ചയായ 36 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കും ബാഴ്‌സയ്ക്കായി. 41, 76 മിനിറ്റുകളിലാണ് മെസ്സി ബാഴ്‌സയ്ക്കു വേണ്ടി വലചലിപ്പിച്ചത്. സീസണില്‍ മെസ്സിയുടെ 21ാമത്തെ ഗോള്‍ നേട്ടം കൂടിയാണിത്. ഏതാനും ആഴ്ചകളായി പെനാല്‍റ്റി കിക്ക് ബാഴ്‌സയ്ക്ക് പിഴച്ചിരുന്നതും മെസ്സി മല്‍സരത്തിലൂടെ മാറ്റി കുറിച്ചു. മെസ്സിയുടെ രണ്ടാം ഗോള്‍ പെനാല്‍റ്റി കിക്കിലൂടെയായിരുന്നു.
സസ്‌പെന്‍ഷനെ തുടര്‍ന്ന് പുറത്തിരുന്ന ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മറിനു പകരം കളത്തിലിറങ്ങിയ മുനീര്‍ എല്‍ ഹദാദിയും (എട്ടാം മിനിറ്റ്) ഉറുഗ്വേ ഗോളടിവീരന്‍ ലൂയിസ് സുവാറസുമാണ് (84) ബാഴ്‌സയുടെ മറ്റു സ്‌കോറര്‍മാര്‍.
ജയത്തോടെ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിനു മേല്‍ എട്ട് പോയിന്റിന്റെ ലീഡ് നിലനിര്‍ത്താനും ബാഴ്‌സയ്ക്കായി. 28ാം റൗണ്ടിലെ മറ്റൊരു കളിയില്‍ അത്‌ലറ്റികോ 3-1ന് വലന്‍സിയയെ പരാജയപ്പെടുത്തിയിരുന്നു. ആന്റോയിന്‍ ഗ്രീസ്മാന്‍ (24ാം മിനിറ്റ്), ഫെര്‍ണാണ്ടോ ടോറസ് (72), യാനിക് ഫെറെയ്‌റ (85) എന്നിവരാണ് അത്‌ലറ്റികോയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ അത്‌ലറ്റിക് ബില്‍ബാവോ 2-0ന് സ്‌പോര്‍ട്ടിങ് ഗിജോണിനെയും ബെറ്റിസ് ഇതേ സ്‌കോറിന് ഗ്രാനഡയെയും തോല്‍പ്പിച്ചു. റയല്‍ സോസിഡാഡ്-ലെവന്റ മല്‍സരം 1-1ന് അവസാനിച്ചു.
28 റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 23 ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 72 പോയിന്റാണ് ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സയുടെ സമ്പാദ്യം. 64 പോയിന്റുമായി അത്‌ലറ്റികോ രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ ബാഴ്‌സയുടെ ബദ്ധവൈരികളായ റയല്‍ മാഡ്രിഡ് 60 പോയിന്റുമായി മൂന്നാം സ്ഥാനത്താണുള്ളത്.
Next Story

RELATED STORIES

Share it