സ്പാനിഷ് ലീഗ്: ബാഴ്‌സ കുതിപ്പ് തുടരുന്നു

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ വിജയകുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന ലീഗിലെ 22ാം റൗണ്ട് മല്‍സരത്തില്‍ ബാഴ്‌സ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ലെവന്റെയെ തോല്‍പ്പിച്ചു. എവേ മല്‍സരത്തില്‍ ലെവന്റെ ക്യാപ്റ്റന്‍ ഡേവിഡ് നവറോയുടെ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ ബാഴ്‌സ കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഉറുഗ്വേ ഗോളടിവീരന്‍ ലൂയിസ് സുവാറസിലൂടെ വിജയം ആധികാരികമാക്കുകയായിരുന്നു.
ഈ സീസണില്‍ വ്യത്യസ്ഥ ടൂര്‍ണമെന്റുകളില്‍ നിന്നായി ബാഴ്‌സയ്ക്കു വേണ്ടി സുവാറസ് നേടുന്ന 36ാമത്തെ ഗോള്‍ നേട്ടം കൂടിയാണിത്. വിജയം ബാഴ്‌സ പരിശീലകന്‍ ലൂയിസ് എന്റ്‌റിക്വയ്ക്ക് ഇരട്ടി മധുരമായി. ബാഴ്‌സയുടെ എക്കാലത്തെയും മികച്ച കോച്ചുമാരിലൊരാളായ പെപ് ഗ്വാര്‍ഡിയോളയുടെ ക്ലബ്ബിലെ അപരാജിത റെക്കോഡിനൊപ്പമെത്താന്‍ ഇന്നലത്തെ മല്‍സരത്തിലൂടെ എന്റ്‌റിക്വയ്ക്ക് സാധിച്ചു. അവസാനം കളിച്ച 28 മല്‍സരങ്ങളിലും ബാഴ്‌സയ്ക്ക് എതിരാളികള്‍ക്കു മുന്നില്‍ തലകുനിക്കേണ്ടി വന്നിട്ടില്ല.
കഴിഞ്ഞ ഒക്ടോബറില്‍ സെവിയ്യക്കെതിരേയാണ് ബാഴ്‌സ അവസാനമായി പരാജയപ്പെട്ടത്. ഇതോടൊപ്പം ബാഴ്‌സയുടെ പരിശീലകനായി എന്റ്‌റിക്വയുടെ 100ാം മല്‍സരം കൂടിയായിരുന്നു ഇത്. 100 മല്‍സരങ്ങളില്‍ ബാഴ്‌സയെ പരിശീലിപ്പിച്ച എന്റ്‌റിക്വയ്ക്ക് 80 മല്‍സരങ്ങളിലും ക്ലബ്ബിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. 100 മല്‍സരങ്ങളില്‍ നിന്ന് വിജയശതമാനം കണക്കാക്കിയാല്‍ കാര്‍ലോ അന്‍സലോട്ടി, ജോസ് മൊറീഞ്ഞോ, ഗ്വാര്‍ഡിയോള എന്നിവരെല്ലാം എന്റ്‌റിക്വയ്ക്ക് പിറകിലാണ് സ്ഥാനം.
ഇന്നലത്തെ ജയത്തോടെ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് അകലം മൂന്നാക്കി ഉയര്‍ത്താനും ബാഴ്‌സയ്ക്ക് സാധിച്ചു. നിലവില്‍ 22 മല്‍സരങ്ങളില്‍ നിന്ന് 17 ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 54 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്. ബാഴ്‌സയേക്കാള്‍ ഒരു മല്‍സരം കൂടുതല്‍ കളിച്ച അത്‌ലറ്റികോ 51 പോയിന്റുമായാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. 22 മല്‍സരങ്ങളില്‍ നിന്ന് 47 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്.
കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ അത്‌ലറ്റികോ 3-1ന് ഐബറിനെയും റയോ വല്ലെക്കാനോ 2-0ന് ലാസ് പാല്‍മസിനെയും പരാജയപ്പെടുത്തിയപ്പോള്‍ അത്‌ലറ്റികോ ബില്‍ബാവോ-വിയ്യാറയല്‍ (0-0), സ്‌പോര്‍ട്ടിങ് ഗിജോണ്‍-ഡിപോര്‍ട്ടീവോ ലാ കൊരുണ (1-1) മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഐബറിനെതിരേ ലക്ഷ്യം കണ്ടതോടെ അത്‌ലറ്റികോയ്ക്കു വേണ്ടി ടോറസ് 100 ഗോളുകള്‍ തികച്ചു.
അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ആഴ്‌സനല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബേണ്‍മൗത്തിനെ തോല്‍പ്പിച്ചു. ആഴ്‌സനലിനു വേണ്ടി മെസ്യുദ് ഓസിലും (23ാം മിനിറ്റ്), അലെക്‌സ് ഒക്‌സ്‌ലാഡ് ചാംബെര്‍ലയ്‌നുമാണ് (24) സ്‌കോര്‍ ചെയ്തത്. വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി ലീഗിലെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും ഗണ്ണേഴ്‌സിനായി.
ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന പ്രധാന മല്‍സരത്തില്‍ ലിവര്‍പൂളിനെ 2-2ന് സണ്ടര്‍ലാന്റ് സമനിലയില്‍ തളച്ചിരുന്നു. 81ാം മിനിറ്റ് വരെ രണ്ടു ഗോളിന് മുന്നില്‍ നിന്നതിനു ശേഷമാണ് ഹോംഗ്രൗണ്ടില്‍ ലിവര്‍പൂളിന് തിരിച്ചടി നേരിട്ടത്. അന്‍ഫീല്‍ഡില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ആരാധകര്‍ ഫഌക്‌സുകള്‍ ഉയര്‍ത്തി പ്രതിഷോധിച്ചതും നാടകീയത സൃഷ്ടിച്ചു. ഒടുവില്‍ പ്രതിഷേധക്കാര്‍ മല്‍സരം പൂര്‍ത്തിയാവാന്‍ നില്‍ക്കാതെ 77ാം മിനിറ്റില്‍ സ്‌റ്റേഡയത്തില്‍ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു. അതുവരെ മല്‍സരത്തില്‍ 2-0ന് ലീഡ് ചെയ്ത ലിവര്‍പൂള്‍ പിന്നീട് രണ്ട് ഗോള്‍ വഴങ്ങി സമനില കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു.
ലിവര്‍പൂളിനു വേണ്ടി റോബെര്‍ട്ടോ ഫിര്‍മിനെയും (59ാം മിനിറ്റ്) ആദം ലല്ലാനെയും (70) ലക്ഷ്യം കണ്ടപ്പോള്‍ സണ്ടര്‍ലാന്റിനായി ആദം ജോണ്‍സനും (82) ജെര്‍മെയ്ന്‍ ഡെഫോയും (89) ഗോളുകള്‍ തിരിച്ചടിക്കുകയായിരുന്നു.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ടോട്ടനം ഹോട്‌സ്പര്‍ 1-0ന് വാട്ട്‌ഫോര്‍ഡിനെയും എവര്‍ട്ടന്‍ 3-0ന് സ്‌റ്റോക്ക് സിറ്റിയെയും ന്യൂകാസില്‍ 1-0ന് വെസ്റ്റ്‌ബ്രോമിനെയും ആസ്റ്റന്‍വില്ല 2-0ന് നോര്‍വിച്ചിനെയും സതാംപ്റ്റന്‍ 1-0ന് വെസ്റ്റ്ഹാമിനെയും പരാജയപ്പെടുത്തിയപ്പോള്‍ സ്വാന്‍സി-ക്രിസ്റ്റല്‍ പാലസ് പോരാട്ടം 1-1ന് അവസാനിച്ചു. വാട്ട്‌ഫോര്‍ഡിനെതിരായ ജയത്തോടെ ടോട്ടനം പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ടോട്ടനമിനേക്കാള്‍ അഞ്ച് പോയിന്റ് ലീഡുമായി ലെസ്റ്റര്‍ സിറ്റിയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഇന്ററിനും ബയേണിനും സമനില
റോം/മ്യൂണിക്ക്: ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ ഇന്റര്‍മിലാനും ജര്‍മന്‍ ലീഗില്‍ നിലവിലെ കിരീടവിജയികളായ ബയേണ്‍ മ്യൂണിക്കിനും സമനിലക്കുരുക്ക്. ബയേണിനെ കൂടാതെ മുന്‍ ചാംപ്യന്‍മാരായ ബൊറൂസ്യ ഡോട്മുണ്ടിനും ജര്‍മന്‍ ലീഗില്‍ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
വിജയകുതിപ്പ് തുടരുകയായിരുന്ന ബയേണിനെ ബയേണിനെ ബയേര്‍ ലെവര്‍ക്യൂസനാണ് ഗോള്‍രഹിത സമനിലയില്‍ തളച്ചത്. 84ാം മിനിറ്റില്‍ സാബി അലോന്‍സോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായി ബയേണിന് മല്‍സരം പൂര്‍ത്തിയാക്കേണ്ടിവന്നു.
ബയേണ്‍ സമനിലയില്‍ കുരുങ്ങിയത് രണ്ടാം സ്ഥാനക്കാരായ ഡോട്മുണ്ടിന് മുതലാക്കാനായില്ല. ഹെര്‍ത്തയാണ് ഗോള്‍രഹിത സമനിലയില്‍ ഡോട്മുണ്ടിനെ പിടിച്ചു കെട്ടിയത്. 53 പോയിന്റുമായി ബയേണാണ് ലീഗില്‍ തലപ്പത്തുള്ളത്. 45 പോയിന്റാണ് രണ്ടാം സ്ഥാനത്തുള്ള ഡോട്മുണ്ടിന്റെ സമ്പാദ്യം.
അതേസമയം, ഇറ്റാലിയന്‍ ലീഗില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ വെറോണയോടാണ് 3-3ന് ഇന്റര്‍ സമനില പിടിച്ചുവാങ്ങിയത്. കൂടാതെ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടു മല്‍സരങ്ങളും സമനിലയിലാണ് പിരിഞ്ഞത്. ഫിയൊറെന്റീന 1-1ന് ബൊലോഗ്‌നയുമായും ജിനോവ 0-0ന് ലാസിയോയുമായും സമനിലയില്‍ പിരിഞ്ഞിരുന്നു.
ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ശക്തരായ മൊണാക്കോ എതിരില്ലാത്ത ഒരു ഗോളിന് നൈസിനെ മറികടന്നു.
Next Story

RELATED STORIES

Share it